മസ്കത്ത്: ഒമാനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും പ്രതിദിന മരണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 978 പേരാണ് പുതുതായി രോഗബാധിതരായത്. വ്യാഴാഴ്ച 392 പേർക്കും വെള്ളിയാഴ്ച 321 പേർക്കും ശനിയാഴ്ച 265 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,96,835 ആയി. മൂന്ന് ദിവസത്തിനിടെ 36 പേരാണ് മരിച്ചത്. വ്യാഴം-10, വെള്ളി-12, ശനി-14 എന്നിങ്ങനെയാണ് മരണസംഖ്യ. 3850 പേരാണ് മരിച്ചത്. 1697 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 2,79,892 ആയി. 39 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 550 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 232 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരായ നടപടികൾ തുടരുകയാണ്. ഇതോടൊപ്പം കോവിഡ് വാക്സിനേഷനും നടന്നുവരുന്നു. രണ്ടാമത് ഡോസ് വാക്സിൻ നൽകാൻ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് പത്താഴ്ച കഴിഞ്ഞവർക്കാണ് രണ്ടാമത് േഡാസ് നൽകുക. ഓൺലൈനിൽ ബുക്ക് ചെയ്തശേഷം ആളുകൾ എത്തുന്നതിനാൽ വാക്സിനേഷൻ നടപടികൾ സുഗമമാണ്.
മസ്കത്ത് ഗവർണറേറ്റിൽ 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ നാളെ മുതൽ തുടങ്ങുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വദേശികൾക്കാണ് കുത്തിവെപ്പ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.