മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് ഒമാനിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ എല്ലാ ബീച്ചുകളും പൊതുപാർക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ച കാലത്തേക്ക് അടച്ചിടാൻ ബുധനാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. റെസ്റ്റ് ഹൗസുകൾ, ഫാമുകൾ, വിൻറർ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചരലുകൾക്കും കർശന വിലക്ക് ബാധകമാണ്. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും ഒത്തുചേരൽ പാടില്ലെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
വാണിജ്യ കേന്ദ്രങ്ങൾ, കടകൾ, മാർക്കറ്റുകൾ, റസ്റ്റോറൻറുകൾ, കഫേകൾ, ഹുക്ക കഫേകൾ, ജിംനേഷ്യം എന്നിവയിൽ അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഇൗ തീരുമാനം ഫെബ്രുവരി 12 വെള്ളിയാഴ്ച മുതലായിരിക്കും പ്രാബല്ല്യത്തിൽ വരുക. രാജ്യത്തിെൻറ കര അതിർത്തികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുകിടക്കും. ട്രക്കുകൾക്ക് മാത്രമായിരിക്കും കടന്നുപോകാൻ അനുമതിയുണ്ടാവുക. രാജ്യത്തിന് പുറത്തുള്ള സ്വദേശികൾക്ക് ഫെബ്രുവരി 21 വരെ കര അതിർത്തികൾ വഴി ഒമാനിലേക്ക് തിരികെയെത്താൻ അവസരമുണ്ടാകും. ഇതിന് ശേഷം കര അതിർത്തികൾ തുറക്കാനുള്ള തീരുമാനം ഉണ്ടായ ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കര, കടൽ, വ്യോമ അതിർത്തികൾ വഴി രാജ്യത്ത് എത്തുന്ന എല്ലാവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായുള്ള ചെലവ് യാത്രക്കാർ സ്വയം വഹിക്കണം. വീടുകളിലെ ക്വാറൈൻറൻ ഇരിക്കുന്നവർ പലരും നിബന്ധനകൾ പാലിക്കുന്നില്ലെന്നും നിയമ ലംഘനങ്ങൾ നടത്തുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനെമന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
വടക്കൻ ശർഖിയ ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ രണ്ടാഴ്ചക്കാലം രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെ അടച്ചിടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി 12 വെള്ളിയാഴ്ച മുതലായിരിക്കും ഇൗ തീരുമാനം പ്രാബല്ല്യത്തിൽ വരുക. ഗ്യാസ് സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് ഇൗ തീരുമാനം ബാധകമായിരിക്കില്ല.
രാജ്യത്തിന് പുറത്തേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് തുടരും. മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികൃതർ അടപ്പിക്കുന്നതിന് ഒപ്പം സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. കോവിഡ് വ്യാപനം സംബന്ധിച്ച പ്രാദേശികവും അന്തർദേശീയവുമായ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.