മസ്കത്ത്: നിസ്വയില് പരീക്ഷണയോട്ടത്തിനൊരുങ്ങി ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. പൊതു ഗതാഗത സംവിധാനത്തിന്റെ നവീകരണം ലക്ഷ്യമിട്ട് ദാഖിലിയ ഗവര്‍ണറേറ്റുമായി സഹകരിച്ചാണ് പുതിയ നീക്കം.
ജനുവരി 11മുതല്‍ 31വരെ നീണ്ടുനില്‍ക്കുന്ന പരീക്ഷണയോട്ടത്തില്‍ മുഴുവന്‍ പൗരന്മാര്ക്കും യാത്ര സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പത്തുമിനിറ്റ് ഇടവേളയിട്ട് എട്ട് മുവാസലാത്ത് ബസുകളാണ് ദിനേന സർവിസ് നടത്തുക. 110 ട്രിപ്പുകളാണ് പരീക്ഷണയോട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. ഒരു ബസിൽ 6 പേർക്കാണ് യാത്ര ചെയ്യാനാവുക. നിസ്വ ഗ്രാന്റ് മാളില്‍നിന്ന് ആരംഭിച്ച് നിസ്വ സൂഖ് വരെയാണ് ആദ്യ സര്‍വിസ്. വാദി കല്ബൂഹ് പ്രദേശത്തുനിന്നും നിസ്വ സൂഖ് വരെയാണ് രണ്ടാമത്തെ റൂട്ട്. നിസ്വയില് പൊതുഗതാഗത മേഖലയെ സജീവമാക്കുന്നതിനും ഇന്റര്‍സിറ്റി സര്‍വിസുകള്‍ ആരംഭിക്കുന്നതിനും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നേരത്തെ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനിലെ തന്നെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ബസ് സ്റ്റേഷന് നിസ്വയില് നിര്‍മിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ട്.
നിസ്വയില് നിര്‍മിക്കുന്ന ബസ് സ്റ്റേഷന് മുവാസലാത്തുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിക്ഷേപ കരാറില്‍ നേരത്തേ ഒപ്പുവെച്ചിരുന്നു. പരസ്യ പബ്ലിസിറ്റി മേഖലയില്‍ ദാഖിലിയ ഗവര്‍ണറേറ്റും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. 11,412 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും ബസ് സ്റ്റേഷന് നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.