മസ്കത്ത്: മസ്കത്ത്, സലാല എയർപോർട്ടുകൾ തുടർച്ചയായി രണ്ടാം തവണയും എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഓർഗനൈസേഷന്റെ കോവിഡ്-19 പ്രതിരോധ അക്രഡിറ്റേഷൻ നേടി. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ടീമിന്റെ സമഗ്രമായ ഓഡിറ്റിന് ശേഷമാണ് അക്രഡിറ്റേഷൻ അനുവദിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സുരക്ഷക്കായി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. ഇരു എയർപോർട്ടുകളുടെയും അക്രഡിറ്റേഷൻ അംഗീകാരത്തിൽ ഒമാൻ എയർപോർട്സ് സന്തോഷം അറിയിച്ചു. മഹാമാരിക്കാലത്ത് ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ നടപ്പാക്കിയ സുരക്ഷാനടപടികളാണ് സുപ്രധാനാമായ നേട്ടം കൈവരിക്കാൻ സഹായകമായത്. വിമാനത്താവളങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിന് നടപ്പാക്കിയ മാനദണ്ഡങ്ങളും പ്രായോഗിക വശങ്ങളും എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ ഓഡിറ്റിനിടെ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്തു.
മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിലെയും സലാല എയർപോർട്ടിലെയും പാസഞ്ചർ ടെർമിനലുകളിലെ വ്യക്തിഗത ശുചിത്വസൗകര്യങ്ങളുടെ ഗുണനിലവാരവും വിലയിരുത്തി. ഏയർപോർട്ട് ജീവനക്കാർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ മാനദണ്ഡങ്ങളും അവ ഉപയോഗിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും പരിശോധിച്ചാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഇരുവിമാനത്താവളങ്ങൾക്കും അക്രഡിറ്റേഷൻ നൽകിയിട്ടുള്ളത്. തെർമൽ പരിശോധന നടപടിക്രമങ്ങൾ, മാസ്ക് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, എയർപോർട്ട് ഹാളുകളിലെ അണുനശീകരണം, പൊതുശുചിത്വ മാനദണ്ഡങ്ങൾ എന്നിവയും എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഓർഗനൈസേഷൻ പരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.