മസ്കത്ത്: കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന കടുത്ത തീരുമാനമെടുക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് കോവിഡ് അവലോകന സൂപ്രീം കമ്മിറ്റി അംഗവും ആരോഗ്യമന്ത്രിയുമായ ഡോ. അഹമ്മദ് അൽ സെയ്ദി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, അത്തരം ഒരു സാഹചര്യത്തിലേക്ക് നീങ്ങേണ്ടിവരുകയാണെങ്കിൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കും. ബോധവത്കരണത്തിനാണ് പ്രാധാന്യം നൽകുന്നത്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സിനെടുത്തവർക്കേ പ്രവേശനം അനുവദിക്കുകയുള്ളൂ. മൂന്നാം ഡോസ് നിർബന്ധമാക്കണമെന്ന ഉദ്ദേശ്യം നിലവിലില്ല. അതേസമയം, പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ മൂന്നാം ഡോസിന് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 10 ശതമാനം പൗരന്മാർ ഇതുവരെ രണ്ടാം ഡോസ് എടുത്തിട്ടില്ല. നാല് ശതമാനം പേർ ആദ്യ ഡോസ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ ആറ് ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ നൽകി. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കുത്തിവെപ്പെടുക്കാത്തവരാണ്. കോവിഡ് ചികിത്സക്കായി കണ്ടെത്തുന്ന മരുന്നുകളും വാക്സിനുകളും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാല്‍ കാലതാമസം കൂടാതെ രാജ്യത്തും ലഭ്യമാക്കും. രാജ്യത്തെ വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ട് ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. രാജ്യത്ത് ആകെ 95,277 പേരാണ് മൂന്നാമത് ഡോസെടുത്തത്. സുപ്രീം കമ്മിറ്റിയുടെ പുതിയ ഉത്തരവുകള്‍ ജനുവരി 31വരെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, പ്രാദേശിക, രാജ്യാന്തര സാഹചര്യങ്ങള്‍ക്കനുസൃതമായി ഇവ മാറിയേക്കും. അടുത്ത വർഷം മികച്ചതായിരിക്കണമെങ്കിൽ, മുൻകരുതൽ നടപടികൾ സ്വീകരിച്ച് നമ്മുടെ ആരോഗ്യമേഖലയെ സംരക്ഷിക്കാൻ എല്ലാവരും തയാറാകണം. 49 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കഴിഞ്ഞദിവസം കോവിഡ് മരണം സഭവിച്ചത്. ഇവർ വാക്സിൻ എടുത്തിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.
മഹാമാരിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം സുപ്രീം കമ്മിറ്റി പ്രതീക്ഷിക്കുന്നു. വാക്സിനേഷൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആർക്കും അതിനുള്ള അവകാശമുണ്ട്. എന്നാൽ, സമൂഹത്തെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കേണ്ടത് സർക്കാറിെൻറ കടമയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിലെ ഡിസീസ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് ബിൻ സലേം അൽ-അബ്രി, പകർച്ചവ്യാധി നിയന്ത്രണവിഭാഗം ഡയറക്ടർ ബദർ ബിൻ സെയ്ഫ് അൽ റവാഹി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വാക്സിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മസ്കത്ത്: കോവിഡിനെതിരെ രാജ്യം അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ജീവനക്കാരൻ തൊഴിലുടമക്ക് നൽകണമെന്ന് തൊഴിൽമന്ത്രാലയം. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തൊഴിൽമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. വാക്സിൻ എടുക്കാൻ ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടകേന്ദ്രങ്ങളിൽനിന്ന് ഹാജരാക്കണമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.