മസ്കത്ത്: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ ആശുപത്രികളിൽ ജീവനക്കാരെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രാലയം. ഇതിനായി മുഴുവൻ ആരോഗ്യജീവനക്കാരുടെയും അവധി താൽക്കാലികമായി റദ്ദാക്കി. ഇതോടൊപ്പം അത്യാവശ്യമല്ലാത്ത സർജറികൾ നിർത്തിവെക്കാനും സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സന്ദർശകരെ വിലക്കാനും സ്പെഷലൈസ്ഡ് ക്ലിനിക്കുകളിൽ 30ശതമാനം വരെ ജോലി സമയം കുറക്കാനും തീരുമാനിച്ചു.
ആരോഗ്യ, അനുബന്ധ മേഖലകളിലുള്ള ജീവനക്കാരെ ആവശ്യാനുസരണം വിതരണം ചെയ്യാനും ഷിഫ്റ്റ് ഷെഡ്യൂൾ പുനരാരംഭിക്കാനും നിർദേശം നൽകി. അപകട-പ്രാഥമിക ചികിത്സ സെൻററുകളിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ വിവരങ്ങൾ തറസ്സുദ് ആപ്ലിക്കേഷൻ വഴി നൽകാൻ ഡോക്ടർമാരോട് നിർദേശിച്ചു.
സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ പ്രത്യേക ക്ലിനിക്കുകളുടെ പുതിയ അപ്പോയിൻറ്മെൻറ് സമയക്രമവും പ്രതിമാസ മരുന്നുകൾ നൽകുന്നതിനുള്ള സംവിധാനവും പുനർനിർണയിച്ചു. ഫാർമസ്യൂടിക്കൽ കെയർ വിഭാഗം, ദോഫാർ ഗവർണറേറ്റിലെ മെഡിക്കൽ വെയർഹൗസുകൾ, സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി എന്നിവ ചേർത്ത് സംയുക്ത പ്രവർത്തന ഗ്രൂപ് രൂപപ്പെടുത്തി മുന്നോട്ടുപോകാനും മന്ത്രാലയം തീരുമാനിച്ചു.
ദോഫാർ ഗവർണറേറ്റിലും മറ്റിടങ്ങളിലും ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് പരിഷ്കരണം. ആശുപത്രി സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ആരോഗ്യമന്ത്രാലയം സജീവമായ ശ്രദ്ധയാണ് നൽകുന്നത്.
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 927പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമ്പതുപേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2010ആയി. എന്നാൽ രോഗവ്യാപനത്തിൽ കുറവുവരുന്നതിെൻറ സൂചന നൽകി രോഗമുക്തി നിരക്ക് പ്രതിദിന രോഗികളേക്കാൾ കൂടുതലായി. വ്യാഴാഴ്ച രോഗവിമുക്തരായവർ 1275പേരാണ്. ആഴ്ചകളായി 89 ശതമാനമായിരുന്ന രോഗമുക്തിനിരക്ക് 90ലേക്ക് എത്തിയത് ആശ്വാസം നൽകുന്നതാണ്. ആകെ രോഗികളുടെ എണ്ണം 1,93,253 ആയി. കഴിഞ്ഞദിവസം മാത്രം 96പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആകെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 833ആയിട്ടുണ്ട്. ഇവരിൽ 275പേർ െഎ.സി.യുവിലാണ്. രോഗവിമുക്തരുടെ ആകെ എണ്ണം 1,73,123ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.