മസ്കത്ത്: രാജ്യത്ത് 1647 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. 3,24,085 ആളുകൾക്കാണ് ഇതുവരെ ആകെ കോവിഡ് പിടിപെട്ടത്. 4,129 പേർ മരണപ്പെടുകയും ചെയ്തു. അതേസമയം, 729 ആളുകൾ കഴിഞ്ഞ ദിവസം രോഗമുക്തരായത് ആശ്വാസം നൽകുന്ന കാര്യമാണ്. 3,06,404 ആളുകൾക്കാണ് ഇതുവരെ മഹാമാരി ഭേദമായത്. 94.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 ആളുകളെകൂടി രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 194 ആയി. ഇതിൽ 22 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 13,552 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 5813 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2760 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മൂന്നാം ഡോസടക്കം നൽകി കോവിഡ് പ്രതിരോധം ശക്തമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ബൂസ്റ്റർ ഡോസുകൾ വ്യപകമാക്കുന്നതിലൂടെ രോഗ-മരണ നിരക്ക് കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ കരുതുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണ നിരക്ക്. എന്നാൽ രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുകൾ മാത്രമാണ് മരിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗനിരക്കും ഉയർന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.