മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നവരുടെ എണ്ണം 3059 ആയി ഉയർന്നു. പുതുതായി ഒരാൾക്കൂടി മരിച്ചു. രാജ്യത്ത് ആകെ ഇതുവരെ 3,08,261 ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം 119 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 97.7 ആണ് രോഗമുക്തി നിരക്ക്. ആകെ 3,01,083 ആളുകൾക്കാണ് ഇതുവരെ മഹാമാരി ഭേദമായത്. 14 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്തിന്റെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 40 ആയി ഉയർന്നു. ഇതിൽ ആറ് ആളുകൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 4119 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ദിനേനെയുള്ള കോവിഡ് കേസുകളുടെ വർധന ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2253 ആളുകൾക്കാണ് അസുഖം ബാധിച്ചത്. രണ്ടുപേർ മരിക്കുകയും ചെയ്തു.
രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 551 ആളുകൾക്ക് മാത്രമാണ് മഹാമാരി ഭേദമായത്. മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും വർധന വന്നിട്ടുണ്ട്. ഇന്നലെ മാത്രം 14 പേരെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അവസാനമൊക്കെ ദിനേനെ ഒന്നും രണ്ടും ആളുകളെയായിരുന്നു ആശുപത്രിയിൽ എത്തിച്ചിരുന്നത്. വരും ദിവസങ്ങളിലും കൂടുതൽ രോഗികൾ ആശുപത്രിയിൽ എത്താനാണ് സാധ്യത. ഇത് മുന്നിൽ കണ്ട് മുൻകരുതൽ നടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മറ്റൊരു കോവിഡിന്റെ പിടിയിലേക്ക് രാജ്യം എടുത്തെറിയാതിരിക്കാൻ ഊർജിതശ്രമങ്ങളാണ് നടന്നുവരുന്നത്. വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യകേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസടക്കം സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും ആരോഗ്യമേഖലയിലുള്ളവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.