മസ്കത്ത്: രാജ്യത്തെ കോവിഡ് കേസുകളുടെ മൂർധന്യാവസ്ഥ കഴിഞ്ഞുവെന്നും വരും ആഴ്ചകളിൽ അണുബാധകരുടെ കാര്യത്തിൽ ക്രമാനുഗതമായ മാറ്റം ഉണ്ടാകുമെന്നും സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ (എസ്.ക്യൂ) കോളജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രഫസറും എസ്ക്യൂ ഹോസ്പിറ്റലിലെ പകർച്ചവ്യാധി കൺസൽട്ടന്റുമായ ഡോ. സായിദ് അൽ ഖത്താബ് അൽ ഹിനായ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. റമമദാനിന് ഏകദേശം നാലോ ആറോ ആഴ്ച മുമ്പ് അണുബാധ താഴ്ന്നനിലയിലെത്തും. പക്ഷേ, മുൻകരുതൽ കുറഞ്ഞാൽ വീണ്ടും ഉയർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണം കുറച്ചതിന് ശേഷം ഡെൻമാർക്ക്പോലുള്ള രാജ്യങ്ങളിൽ കേസുകൾ ഉയർന്നിരുന്നു.
കുത്തിവെപ്പിലൂടെയും മുൻകാല അണുബാധകളിലൂടെയും ആളുകൾ നേടിയെടുത്ത പ്രതിരോധശേഷി കാരണം കോവിഡിന്റെ തീവ്രത കുറച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരിൽ 99 ശതമാനം ആളുകളിലും ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസ്ക് ധരിക്കുക, കൈ കഴുകുക, പ്രതലങ്ങൾ അണുമുക്തമാക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, വായുസഞ്ചാരം വർധിപ്പിക്കുന്നതിന് സാധ്യമായ ഇടങ്ങളിൽ ജനലുകൾ തുറന്നിടുക, കോവിഡ് ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്നും ഡോക്ടർ ഓർമിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാധ്യമാകുന്ന എല്ലാവരും ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ സ്വീകരിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.