മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 4,166 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നുപേർ പുതുതായി മരണപ്പെടുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,166 ആയി. 3,22,438 ആളുകൾക്കാണ് മഹാമാരി ഇതുവരെ പിടിപെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 2031 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. 94.8 ശതമാനമാണ് രോഗ മുക്തി നിരക്ക്. 3,05,675പേർക്കാണ് മഹാമാരി സുഖപ്പെട്ടത്. വ്യാഴം 1708, വെള്ളി 1143, ശനി 1315 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെയുള്ള പ്രതിദിന കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 168 ആയി ഉയർന്നു. ഇതിൽ 18പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 12,635 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. പ്രതിദിന കേസുകൾ വർധിച്ചതോടെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാൽ മതിയെന്ന് കോവിഡ് അലോകന സുപ്രീംകമിറ്റി നിർദേശം നൽകി. രോഗവ്യാപനം മുന്നിൽകണ്ട്, മസ്ജിദുകളിൽ വെള്ളിയാഴ്ച പ്രാർഥനക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. മസ്ജിദുകളിൽ നൂറ് കണക്കിന് വിശ്വാസികൾ വരാൻ തുടങ്ങിയത് നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നതായി വിലയിരുത്തലുണ്ട്.
പല മസ്ജിദുകളിലും പരിധിയിൽ കൂടുതൽ ആളുകളാണ് പ്രാർഥനക്ക് എത്തുന്നത്. ഇതിനാൽ സാമൂഹിക അകലം പാലിക്കാനും കഴിയുന്നില്ല. ഇത് രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് വിലയിരുത്തുന്നു.
രാജ്യത്തെ 99 ശതമാനം കോവിഡ് കേസുകളും ഒമിക്രോൺ മൂലമാണെന്ന റിപ്പോർട്ട് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ഒമിക്രോണിന് അതിവ്യാപനശേഷിയുള്ളതിനാൽ വരും ദിവസങ്ങളിലും രോഗത്തിന്റെ തോത് വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, രണ്ടാഴ്ചത്തെ നിയന്ത്രണത്തോടെ ഈ വ്യാപന തോത് തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസ് വിതരണം വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി നടക്കുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.