മസ്കത്ത്: കോവിഡ്, രോഗ മരണനിരക്കുകൾ താഴാതെനിൽക്കുന്നത് പ്രവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. 26 പേർകൂടി മരിച്ചതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. മഹാമാരി ആരംഭിച്ചശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കഴിഞ്ഞ 33 മരണമാണ് ഏറ്റവും ഉയർന്ന മരണനിരക്ക്. അതോടൊപ്പം മൂന്നുപേർക്ക് ബ്ലാക്ക് ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തതും ആശുപത്രികളും ഐ.സിയുകളും നിറഞ്ഞതായുമുള്ള വാർത്തകളും പ്രവാസി സമൂഹത്തിൽ കോവിഡ് വീണ്ടും ചർച്ചയാക്കി.
തുടർച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2142 പേർ കൂടി രോഗബാധിതരായതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,40,708 ആയി. 744 പേർക്ക് കൂടി രോഗം ഭേദമായി. 2,12,808 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ മരണസംഖ്യയാകട്ടെ 2591 ആയി ഉയരുകയും ചെയ്തു. മരിച്ചവരിൽ 1898 പേരും സ്വദേശികളാണ്. 181 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1282 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 383 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 1019 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ്-308, മസ്കത്ത്-303, ബോഷർ-201, മത്ര-173, അമിറാത്ത്-21, ഖുറിയാത്ത്-13 എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന-387, തെക്കൻ ബാത്തിന-223, തെക്കൻ ശർഖിയ-134, ദോഫാർ-79, ദാഖിലിയ-73, വടക്കൻ ശർഖിയ-66, ദാഹിറ-64, അൽ ബുറൈമി-46, അൽ വുസ്ത-46, മുസന്ദം-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് ബാധിതരായ മൂന്ന് കോവിഡ് രോഗികളും പ്രമേഹമുള്ളവരാണെന്ന് റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി രോഗവിഭാഗം കൺസൽട്ടൻറ് ഡോ. സക്കരിയ അൽ ബലൂഷി പറഞ്ഞു. ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഇതു ബാധിക്കുക. സമയത്തിന് ചികിത്സതേടാത്തപക്ഷം ഇത് ഗുരുതരമാകും. അതിനാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടണമെന്ന് ഡോ. സക്കരിയ പറഞ്ഞു.
45നും 65നുമിടയിൽ പ്രായമുള്ളവരാണ് ബ്ലാക്ക് ഫംഗസ് രോഗികൾ. വീട്ടിൽ കഴിയുന്നതിനിടയിലാണ് ഇവർ അസുഖബാധിതരായത്.കോവിഡ് പകരാതിരിക്കാൻ ഏറെ ജാഗ്രതവേണ്ട സമയമാണിതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ഗുരുതരമായാൽ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ കിടക്കകളില്ലാത്തത് വലിയ പ്രശ്നമാണ്. കോവിഡ്മൂലം മരണം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ പൂർണമായി പാലിക്കണം. ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുവന്നതോടെ േഹാട്ടലുകളിലും മറ്റും ഒത്തുചേരലുകൾ വർധിച്ചിട്ടുണ്ട്.
അതോടൊപ്പം ഒമാനിൽ വാക്സിനേഷൻ നിരക്ക് താരതമ്യേന കുറവായതും വാക്സിെൻറ ദൗർലഭ്യവും പ്രതിസന്ധിയാണ്. അതിനാൽ ഇൗ ഘട്ടത്തിൽ എല്ലാനിലക്കും ജാഗ്രതപാലിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗം ബാധിച്ചാൽ ചികിത്സക്ക് സർക്കാർ ആശുപത്രികളിൽ ഇടം ഇല്ലാത്തതും സ്വകാര്യ ആശുപത്രികൾ ഇൗടാക്കുന്ന ഉയർന്നനിരക്കുകളും സാധാരണക്കാരായ പ്രവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോവിഡ് മൂലമുണ്ടാവുന്ന മരണനിരക്ക് ഉയരുകയും രോഗവ്യാപനം വർധിക്കുകയും ചെയ്തത് നിലവിലെ ഇളവുകൾ എടുത്തുമാറ്റി കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കാരണമാക്കുമെന്ന് ഭയക്കുന്നവരും നിരവധിയാണ്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ജനജീവിതം സാധാരണരീതിയിലേക്ക് നീങ്ങുകയായിരുന്നു.വ്യാപാര മേഖല പച്ചപിടിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ, മരണനിരക്ക് ഉയരുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ ലോക്ഡൗൺ അടക്കം നിയന്ത്രണങ്ങൾ വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്.
ഒമാനിൽ ബീച്ചുകളും പാർക്കുകളും അടക്കം എല്ലാ മേഖലയും പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളോടെ തുറന്നുകൊടുത്തത് കഴിഞ്ഞ ആഴ്ചയിലാണ്. കൂടുതൽ മസ്ജിദുകളിൽ പ്രവേശനം അനുവദിക്കുകയും ചർച്ചുകളും ക്ഷേത്രങ്ങളും തുറക്കാൻ അനുമതിനൽകിയതും ദിവസങ്ങൾക്കു മുമ്പാണ്. ഇവയിൽ ചില മേഖലകളിൽ നിയന്ത്രണം വരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.