മസ്കത്ത്: സമൂഹത്തിൽ ഉപഭോക്തൃ അവബോധം വളർത്തുന്നതിനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) തെക്കൻ ബാത്തിനയിലും വടക്കൻ ശർഖിയയിലും പരിശോധന കാമ്പയിനുകൾ ആരംഭിച്ചു. നിരോധിത വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ഇരു ഗവർണറേറ്റുകളിലെയും നിരവധി ജനപ്രിയ മാർക്കറ്റുകളിൽ പരിശോധന കാമ്പയിനുകൾ നടത്തിയതെന്ന് സി.പി.എ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്കും സേവനദാതാക്കൾക്കുമിടയിൽ നിരോധിത വസ്തുക്കളുടെ ഉപയോഗമോ കൈവശംവെക്കുകയോ ചെയ്യുന്നതിലൂടെയുണ്ടാകുന്ന അപകടത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി സി.പി.എ അടുത്തിടെ ഒരു ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കിയിരുന്നു.
ആരോഗ്യം, സുരക്ഷ തുടങ്ങിയവ അപകടത്തിലാക്കുന്ന അപകടകരമായ ഉൽപന്നങ്ങളിൽനിന്ന് സുരക്ഷിത ഉപഭോക്തൃ വിപണി സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതോറിറ്റി മാർക്കറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുകയും വിവിധ ചരക്കുകളുടെ വിൽപന, വിതരണം, വാങ്ങൽ എന്നിവ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഉപഭോക്തൃ സുരക്ഷക്കായി, സമഗ്രമായ വിപണി ഗവേഷണം നടത്തിയതിനുശേഷം അതോറിറ്റി നിരവധി ഉൽപന്നങ്ങൾ നിരോധിച്ചു. വിപണിയിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.