മസ്കത്ത്: കഴിഞ്ഞ വർഷം ഒമാനിൽ ക്രിമിനൽ കേസുകൾ മുൻ വർഷത്തെക്കാൾ 14.5 ശതമാനം വർധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. 2022ൽ 32,277 ക്രിമിനൽ കേസുകളാണ് ഫയൽ ചെയ്തിരുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പബ്ലിക് പ്രോസിക്യൂഷൻ വാർഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ വർഷം 13 കൊലപാതക കേസുകളാണ് ഫയൽ ചെയ്തത്. ഈ കേസുകൾ ഓരോന്നും പ്രത്യേകം പഠിക്കാനായി സാമൂഹിക വികസന മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ടുമെൻറുമായി സഹകരിച്ച് പ്രത്യേക ടീം രൂപവത്കരിച്ചതായി അധികൃതർ വ്യക്തമാക്കി.
ക്രിമിനൽ കേസുകളോ അല്ലെങ്കിൽ ക്രിമിനൽ കേസായി സംശയിക്കപ്പെടുന്നവയോ ബന്ധപ്പെട്ട വിഭാഗങ്ങളെ ഔദ്യോഗിക രീതിയിൽ അറിയിക്കണമെന്നും ഇത്തരം കേസുകളും റിപ്പോർട്ടുകളും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. അന്വേഷണങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം 60,000 മിനിറ്റുകൾ ഉപയോഗപ്പെടുത്തിയിരുന്നു. ഇതിൽ 6,000 കേസുകൾ വൈകുന്നേരവും 7,000 കേസുകൾ ഓൺലൈനായും കൈകാര്യം ചെയ്തിരുന്നു. മൊത്തം കഴിഞ്ഞ വർഷം 1,50,000 ജുഡീഷ്യൽ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിൽ 40,000 വൈകുന്നേരത്തെ കൂടിച്ചേരലിലാണ്. കൊലപാതകങ്ങൾ വലിയ സമൂഹത്തെ ആഴത്തിൽ ബാധിക്കുന്നവയാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ 13 കേസുകളിൽ കത്തിയോ മൂർച്ചയുള്ള ആയുധങ്ങളോ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. സാധാരണയായി പത്തു കുറ്റകൃത്യങ്ങളിൽ ഏറ്റവും മുകളിലുള്ളത് വണ്ടച്ചെക്കുകളാണ്. താമസനിയമങ്ങൾ ലംഘിക്കൽ, തൊഴിൽ നിയമങ്ങൾ ലംഘിക്കൽ, മയക്കുമരുന്ന് ഉപയോഗം, ഐ.ടി കുറ്റകൃത്യങ്ങൾ, ഉപഭോക്തൃ നിയമ ലംഘനം, മാന്യതയെ ഹനിക്കൽ, കളവ്, പണം പിടിച്ചുപറിക്കൽ, കബളിപ്പിക്കൽ, ഗതാഗത നിയമ ലംഘനം എന്നിവയാണ് മറ്റു പ്രധാന കുറ്റകൃത്യങ്ങൾ. 30,543 കുട്ടികളുടെ കുറ്റകൃത്യങ്ങൾ ആണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെക്കാൾ 14.7 ശതമാനം കൂടുതലാണ്.
വൻ കുറ്റകൃത്യങ്ങൾ 9.8 ശതമാനം വർധിച്ച് 1,378 കേസുകളിൽ എത്തിയിട്ടുണ്ട്. ഫയൽ ചെയ്തതിൽ 97 ശതമാനം കേസുകളും തെളിയിക്കാൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ കേസുകൾ മസ്കത്ത് ഗവർണറേറ്റിലാണ് രജിസ്റ്റർ ചെയ്തത്. ആകെ രജിസ്റ്റർ ചെയ്ത കേസുകളിൽ 40.8 ശതമാനവും ഇവിടെയാണുള്ളത്. ഏറ്റവും കുറവ് മുസന്തം ഗവർണറേറ്റിലാണ്. 0.6 ശതമാനം കേസുകൾ മാത്രമാണ് കഴിഞ്ഞ വർഷം മുസന്തം ഗവർണറേറ്റിൽ ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.