മസ്കത്ത്: ചെങ്കടലിലെ പ്രതിസന്ധി മൂലം സലാല തുറമുഖത്ത് ചരക്ക് വരവിൽ കുറവ്. ഈ വർഷം ആദ്യ പകുതി കഴിഞ്ഞപ്പോൾ സലാല തുറമുഖത്തേക്കുള്ള കണ്ടെയ്നറിന്റെ വരവിൽ 16 ശതമാനത്തിന്റെ കുറവാണുണ്ടായത്. ചെങ്കടലിലുണ്ടായ പ്രതിസന്ധി മൂലം ചരക്ക് കപ്പലുകൾ വഴിമാറി യാത്രചെയ്തതാണ് പ്രധാന കാരണം.
ഈ വർഷം ജൂൺ വരെ 1.679 ദശലക്ഷം 20 അടി സമാന അളവിലുള്ള കണ്ടെയ്നറുകളാണ് സലാല തുറമുഖത്തെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.999 ദശലക്ഷമായിരുന്നു. എന്നാൽ, കെണ്ടയ്നർ ഷിപ്പിങ് മേഖലയിൽ തുറമുഖം വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഈ വർഷം ആദ്യ പകുതിയിൽ കാർഗോ സർവിസ് നാലു ശതമാനം വർധിച്ചു.
ജിപ്സം കയറ്റുമതിയിലാണ് വലിയ വർധനയുണ്ടായത്. ഈ വർഷം ആദ്യ പകുതിയിൽ 11.655 ദശലക്ഷം ടൺ കാർഗോയാണ് തുറമുഖം വഴി കടന്നു പോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.215 ദശലക്ഷം ടണ്ണായിരുന്നു കാർഗോ സർവിസ്.
ചെങ്കടലിൽ നടക്കുന്ന സംഘർഷാവസ്ഥ തുടരുന്നത് ആഗോള കപ്പൽ പാതയെ പ്രതികൂലമായി ബാധിക്കും. പ്രധാനമായും ഏഷ്യക്കും യൂറോപിനും ഇടയിലുള്ള കപ്പൽ സർവിസിനെയാണ് ബാധിക്കുന്നതെന്ന് സലാല തുറമുഖം പ്രതിനിധികൾ പറഞ്ഞു.
കഴിഞ്ഞ വർഷം അവസാന പാദത്തിൽ ആരംഭിച്ച കപ്പലുകൾക്ക് നേരെയുള്ള ആക്രമണം കപ്പൽക്കടത്ത് ചെലവ് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. അന്തിമായി ഈ വില വർധന ഉപഭോക്താക്കളിലേക്കാണെത്തുന്നത്. ചെങ്കടൽ പ്രതിസന്ധി പല തുറമുഖങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
എന്നാൽ, സലാല തുറമുഖം ഇതിൽ നിന്ന് ഒഴിവായെന്നും അടുത്ത പകുതിയിൽ ചരക്ക് ഗതാഗതം വർധിക്കാനാനുള്ള സാധ്യതയയുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ വർഷം മൊത്തം അഞ്ച് മുതൽ ആറ് വരെ ശതമാനം വർധന ഉണ്ടാവാനാണ് സാധ്യത. മധ്യ പൗരസ്ഥ്യ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഈ വർഷം മൂന്നാം പാദത്തിലും ചരക്ക് ഗതാഗതം കുറയും.
ഇതോടെ സലാല തുറമുഖത്തിലെ ലാഭത്തിലും കുറവുണ്ടാക്കും. ഈ വർഷം ആദ്യ പകുതിയിൽ കമ്പനിയുടെ ലാഭം 1.570 ദശലക്ഷം റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയുളവിൽ 2.363 ദശലക്ഷം റിയാലായിരുന്നു ലാഭം. കടൽ പ്രതിസന്ധി കാരണം തുറമുഖത്തിൽ നിന്നുള്ള മൊത്തം വരുമാനത്തിലും രണ്ട് ശതമാനം കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.