മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ കാരവൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെയും മറ്റും കുറിച്ചും ദോഫാർ മുനിസിപ്പാലിറ്റി നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൗഡ് സ്പീക്കർ (ഉച്ചഭാഷിണി), ലേസർ, മുകളിലേക്കുള്ള ലൈറ്റ് എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല. കാരവൻ സ്ഥാപിക്കുന്നതിന് മുമ്പ് ഉടമകൾ ബന്ധപ്പെട്ട അധികൃതരിൽനിന്നും പെർമിറ്റുകൾ നേടണം. അനുവദിക്കപ്പെട്ട സ്ഥലത്തിന് ചുറ്റും ഏതെങ്കിലും തരത്തിലുള്ള വേലികളോ അതിരുകളോ സ്ഥാപിക്കാൻ പാടില്ല. അംഗീകൃത കാലയളവിലുടനീളം മതിയായ സുരക്ഷ സംവിധാനങ്ങൾ യാത്ര സംഘങ്ങൾക്കായി ഒരുക്കിയിരിക്കണം. ഉടമകൾ അധികൃതർ നിർദേശിച്ച സ്ഥലത്തുതന്നെ കാരവൻ സ്ഥാപിക്കണം.
സ്ഥലം മാറ്റുന്നുണ്ടെങ്കിൽ, ശരിയായ മാർഗനിർദേശത്തിനായി യോഗ്യതയുള്ള അധികാരിയെ ബന്ധപ്പെടണം. പെർമിറ്റ് കാലയളവിൽ നിയുക്തസ്ഥലത്തിന്റെ ശുചിത്വം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രതിവാരം 35 ഒമാനി റിയാൽ വീതം നിശ്ചിത ഫീസ് കാരവൻ ഉടമകൾ അടക്കൽ നിർബന്ധമാണ്. കൂടാതെ, റീഫണ്ട് ചെയ്യാവുന്ന 50 ഒമാനി റിയാലിന്റെ ഇൻഷുറൻസ് ഫീസും ആവശ്യമാണ്. ഇത് അംഗീകൃത കാലയളവ് അവസാനിക്കുമ്പോൾ തിരികെ നൽകും.
ഈ വ്യവസ്ഥകളിൽ ഏതെങ്കിലുമൊന്ന് ലംഘിച്ചാൽ മുനിസിപ്പാലിറ്റിക്ക് 100 റിയാൽ പിഴ ചുമത്താൻ അവകാശമുണ്ട്. ലംഘനങ്ങൾ ആവർത്തിക്കുകയോ മറ്റ് ആവശ്യകതകൾ പാലിക്കുകയോ പരാജയപ്പെടുകയാണെങ്കിൽ കാരവൻ ഉടൻ നീക്കുന്നതായിരിക്കും. എല്ലാ കാരവൻ ഉടമകളും ഈ ആവശ്യകതകൾ കർശനമായി പാലിക്കണമെന്ന് ദോഫാർ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങൾക്കനുസൃതമായി കാരവനുകൾ ഒരുക്കുന്നതിലൂടെ, താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ സുരക്ഷിതവും ആസ്വാദ്യകരവുമായ സീസൺ അനുഭവമായിരിക്കും പ്രദാനം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.