മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കം കുറിച്ച് രാജ്യത്തേക്ക് വിനോദ സഞ്ചാര കപ്പലുകൾ എത്തി തുടങ്ങി. വൈകിങ് ഒാഷ്യൻ ക്രൂയിസസ് കമ്പനിയുടെ വൈകിങ് ഒാറിയോൺ കപ്പൽ ചൊവ്വാഴ്ച രാവിലെ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് അടുത്തു. സലാലയിൽനിന്നാണ് കപ്പൽ മസ്കത്തിലെത്തിയത്. ഇൗ മാസം അവസാനം ഒരു കപ്പൽ കൂടി മസ്കത്തിൽ എത്തുന്നുണ്ട്. ഒക്ടോബറിൽ രണ്ടു കപ്പലുകളും എത്തും.
രാജ്യത്ത് േവനൽ ചൂടിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തമാസം ആദ്യത്തോടെ തണുപ്പെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതോടെ ക്രൂയിസ് സീസണും തിരക്കേറും. നവംബറിലും ഡിസംബറിലും ജനുവരിയിലുമാണ് കൂടുതൽ കപ്പലുകൾ മസ്കത്ത്, സലാല, ഖസബ് തുറമുഖങ്ങളിൽ എത്തുന്നത്. ഏപ്രിൽ അവസാനം വരെ കപ്പലുകളുടെ വരവ് തുടരും.
രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ സുപ്രധാന വരുമാനമാണ് ക്രൂയിസ് കപ്പലുകളുടെ വരവ്. ക്രൂയിസ് കപ്പലുകളെ ഒമാനിലേക്ക് കൂടുതലായി ആകർഷിക്കാൻ വിവിധ പദ്ധതികളാണ് ടൂറിസം മന്ത്രാലയം സർക്കാർ ഏജൻസികളുമായും സ്വകാര്യ ഏജൻസികളുമായി ചേർന്ന് നടപ്പാക്കി വരുന്നത്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതും പെർമിറ്റുകൾ നൽകുന്നതും പ്രൊമോഷനൽ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതടക്കം പരിപാടികളും ഇതിെൻറ ഭാഗമാണ്. ഭാവിയിൽ സുഹാർ, സൂർ, ദുഖം, അൽ സുവൈഖ് തുറമുഖങ്ങളിൽ കൂടി ക്രൂയിസ് കപ്പലുകൾ അടുക്കാൻ സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.
മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് 64 ഹെക്ടർ സ്ഥലത്തായി ഒംറാൻ നിർമിക്കുന്ന വാട്ടർ ഫ്രണ്ട് പദ്ധതിയും കപ്പൽ യാത്രക്കാരെ ആകർഷിക്കുന്നതിനുള്ള പദ്ധതിയാണ്. നാല് ഘട്ടങ്ങളിലായി നിർമിക്കുന്ന പദ്ധതിയിൽ ആറ് ഹോട്ടലുകൾ, റീെട്ടയിൽ സ്റ്റോർ, ഒാഫിസ്, പാർക്ക്, മറൈൻ എക്സിബിഷൻ കേന്ദ്രം, മറീന തുടങ്ങിയവയടക്കം ആകർഷണങ്ങളുണ്ടാകും. 2020ൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ തുറമുഖം, രണ്ട് നക്ഷത്ര ഹോട്ടലുകൾ, വാണിജ്യ കേന്ദ്രം, മറീന എക്സിബിഷൻ സെൻറർ എന്നിവയാണ് ഉണ്ടാവുക. 2027ലാണ് പദ്ധതി പൂർണമായി പൂർത്തിയാവുക.
കഴിഞ്ഞ വർഷം രാജ്യത്ത് ക്രൂയിസ് കപ്പലുകൾ വഴിയെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വർധന ദൃശ്യമാണ്. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് സുൽത്താൻ ഖാബൂസ് തുറമുഖം, സലാല, ഖസബ് തുറമുഖങ്ങളിൽ എത്തിയത് 2.21 ലക്ഷം പേരാണ്. 2016ൽ 2.17 ലക്ഷമായിരുന്നു. ക്രൂയിസ് യാത്രികരുടെ വിസാ നിയമത്തില്‍ 2012 ൽ ഒമാൻ ഭേദഗതി കൊണ്ടുവന്നിരുന്നു. സഞ്ചാരികള്‍ക്ക് ഒരൊറ്റ വിസയില്‍ ഒമാനിലെ മൂന്നു തുറമുഖങ്ങളിലും ഇറങ്ങാന്‍ അവസരം നൽകുന്നതായിരുന്നു ഈ ഭേദഗതി. സഞ്ചാരികളുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്താൻ ഇത് സഹായകരമായി.
വ്യാപാര മേഖലക്ക് ചെറിയ ഉണർവ്
മത്ര: ക്രൂയിസ് കപ്പൽ യാത്രികർ എത്തി തുടങ്ങിയതോടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കച്ചവടരംഗം ഉണർന്നു. കോർണിഷ് മുതൽ പോർ ബമ്പ ഭാഗത്തെ വിനോദ സഞ്ചാരികൾക്കായുള്ള സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച നിരവധി സഞ്ചാരികൾ എത്തി. ചൂട് കുറഞ്ഞ് മെച്ചപ്പെട്ട കാലാവസ്ഥ വന്നണയുന്നതോടെയാണ് രാജ്യത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുക. കോർണിഷ് മുതൽ പോർ ബമ്പ ഭാഗത്തെ സ്ഥാപനങ്ങളിൽ ഇൗ സമയത്താണ് ആളനക്കം വർധിക്കുക.
ആറു മാസം നീളുന്ന ടൂറിസം സീസണിൽ പ്രതീക്ഷയർപ്പിച്ചാണ് ഇവരുടെ കച്ചവടം. സൂഖിലെ മറ്റ് സീസണുകളൊന്നും ഇൗ ഭാഗങ്ങളിലെ കച്ചവടക്കാരെ തുണക്കാറില്ല. കഴിഞ്ഞ ടൂറിസം സീസണ് അവസാനിച്ചതോടെ സന്ദർശകര്‍ കുറഞ്ഞ് കച്ചവടമില്ലാതെ പ്രതിസന്ധിയിലായിരുന്നു. ഈ വര്‍ഷത്തെ കനത്ത ചൂട് കാരണം ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് നന്നേ കുറഞ്ഞതും ഇവരെ ബുദ്ധിമുട്ടിലാക്കി. ഇൗ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നാട്ടില്‍ അവധിക്കും പര്‍ച്ചേസിനുമൊക്കെ പോയവര്‍ എത്തി തുടങ്ങിയിട്ടുണ്ട്.
അതേസമയം, പെരുന്നാൾ, സ്കൂള്‍ സീസണുകള്‍ കഴിഞ്ഞതോടെ മത്ര സൂഖിലെ മറ്റ് മേഖലകളിലുള്ള സ്ഥാപനങ്ങൾ ആളും ആരവവും നിലച്ച് കച്ചവട മാന്ദ്യത്തിൽ വീണിരിക്കുകയാണ്. ദിവസങ്ങളായി ഇതേ നില തുടരുകയാണ്. ഇനി അടുത്ത് വരുന്ന ശമ്പള ദിവസങ്ങളെയാണ് കച്ചവടക്കാര്‍ ഉറ്റു നോക്കുന്നത്. തുടര്‍ച്ചയായി വന്ന രണ്ട് ആഘോഷങ്ങൾക്ക് ഒപ്പം സ്കൂൾ തുറക്കലും ഉപഭോക്താക്കളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ സൂക്ഷിച്ചു മാത്രം പണം ചെലവഴിക്കുന്നതിനാൽ ഈയിടെയായി സീസണുകളും വേണ്ടത്ര ഉണരാറുമില്ല. അത് വ്യാപാര മേഖലയെ വല്ലാതെ ഉലച്ചിട്ടുമുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം കുറച്ചും അവശേഷിക്കുന്നവരെ ദീര്ഘകാലാവധിക്ക് പറഞ്ഞയച്ചുമൊക്കെയാണ് പ്രതിസന്ധികളെ ഒരു പരിധിവരെ മറികടക്കാന്‍ ശ്രമിക്കുന്നത്.പെരുന്നാൾ കഴിഞ്ഞതോടെ നിരവധി പേരാണ് നാട്ടിലേക്ക് പോയത്. സാധാരണ രണ്ട്, മൂന്ന് മാസങ്ങള്‍ മാത്രം അവധി കൊടുക്കുന്നവര്‍ ഒരു വിസാ കാലയളവില്‍ നില്ക്കാവുന്ന ആറ് മാസം വരെ നിന്നുകൊള്ളാന്‍ അനുമതി നല്‍കിയാണ് പറഞ്ഞയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.