മസ്കത്ത്: വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. ഈജിപ്തിലെ തുറമുഖമായ സഫാഗയിൽനിന്നാണ് ക്യൂൻ എലിസബത്ത് എന്ന ആഡംബര കപ്പൽ എത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1651 വിനോദസഞ്ചാരികളാണ് കപ്പലിലുള്ളത്. ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. ശേഷം കപ്പൽ ദുബൈയിലേക്ക് തിരിക്കും. ദിവസങ്ങൾക്കുമുമ്പ് യൂറോപ്പിൽനിന്നുള്ള വിനോദ സഞ്ചാരികൾ വിമാനം വഴി ഇവിടെ എത്തിയിരുന്നു. സ്ലോവാക്യയിൽനിന്നുള്ള വിനോദസഞ്ചാരികളാണ് സലാലയിൽ എത്തിയത്. ഗവർണറേറ്റിനെ വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനുള്ള ശ്രമത്തിലാണ് പൈതൃക ടൂറിസം മന്ത്രാലയം. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ ചാർട്ടർ വിമാനങ്ങളും ക്രൂസ് കപ്പലുകളും ആകർഷിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ടൂറിസം പ്രമോഷൻ ഡയറക്ടർ മർവാൻ ബിൻ അബ്ദുൽ ഹക്കിം അൽ ഗസാനി അറിയിച്ചിരുന്നു.
2018-19 കാലയളവിൽ 196 ചാർട്ടേഡ് വിമാനങ്ങളാണ് എത്തിയത്. 51,950 യാത്രക്കാരാണ് ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വന്നത്. 2017-18 സീസണിൽ 186 ചാർട്ടേഡ് വിമാനങ്ങളിലായി 44,420 ആളുകളും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
ഒക്ടോബർ അവസാനത്തോടെയാണ് ലോകത്ത് ക്രൂസ് സീസൺ ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഒമാനിലും ക്രൂസ് കപ്പലുകൾ എത്തിത്തുടങ്ങും. ഈ സീസണിലെ ആദ്യ ക്രൂസ് കപ്പൽ ഒക്ടോബർ 28ന് മത്ര തുറമുഖത്തെത്തും. മേൻചിഫ് ആണ് ആദ്യമായി മത്രയിലെത്തുന്ന ക്രൂസ് കപ്പൽ. 2600 വിനോദ സഞ്ചാരികളാണ് ഈ കപ്പലിലുണ്ടാവുക. നവംബറിൽ മാത്രം 18 വിനോദസഞ്ചാര കപ്പലുകളാണ് ഒമാൻ തീരത്തെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.