മസ്കത്ത്: അറബികടലിൽ രൂപംകൊണ്ട തേജ് ചുഴലകാറ്റ് അതിതീവ്ര ചുഴലികാറ്റായി (കാറ്റഗറിമൂന്ന്) മാറിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ മുന്നറിയിപ്പ് സർക്കുലറിൽ പറയുന്നു. ഒമാൻ തീരത്ത് നിന്ന് 450 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ കേന്ദ്രം. ഇതുമായി രൂപപ്പെട്ട മഴമേഘങ്ങൾ ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ്ദിശയിൽ ദോഫാർ ഗവർണറേറ്റിന്റെയും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിന്റെയും തീരങ്ങളിലേക്ക് ചുഴലികാറ്റ് നീങ്ങുന്നത് തുടരുകയാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി വർധിച്ച് കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലി കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ദോഫാർ അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിച്ചേക്കും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിനും ഇടയിലായിരിക്കും കാറ്റ് തീരംതൊടുക. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരിക്കും ഏറ്റവും കൂടുതൽ മഴ പെയ്യുക.
ഞായറാഴ്ച വിവിധ ഇടങ്ങളിലായി 50മുതൽ 150 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്‍റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 46 മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗം. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേകും.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 74മുതൽ 129 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. 200മുതൽ 500 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബികടലിന്‍റെ തീരങ്ങളിൽ തിരമാലകൾ ആറ് മുതൽ 12 മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു.
തുറമുഖ അധികൃതർ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂനിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നിർദ്ദേശം നൽകി. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അഞ്ച് വര്‍ഷം മുമ്പ് 2018 ഒക്ടോബര്‍ 13ന് അടിച്ച ലുബാന്‍ ചുഴലിക്കാറ്റ് സലാലയുടെ പടിഞ്ഞാറ് ഭാഗത്തും യമനിലും നാശം വിതച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.