മസ്കത്ത്: നാട്ടുകാരുടെ കൂട്ടായ്മയിൽ ദാഖിലിയ ഗവർണറേറ്റിലെ യാങ്കുളിൽ അണക്കെട്ട് നിർമിച്ചു. ചാരിറ്റബിൾ ഗ്രൂപ്പുകളുടെയും താമസക്കാരുടെയും സഹകരണത്തോടെ നിർമിച്ച അണക്കെട്ടിന് 25,000 മെട്രിക് ക്യൂബ് വെള്ളം കൊള്ളാനുള്ള ശേഷിയുണ്ട്. ജലത്തിന്റെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും പ്രദേശത്തെ പച്ചപ്പിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. സദാമ അൽ ദറാവ്ഷാ ഗ്രാമത്തിലെ ഹെയിൽ മസൂദ് ഏരിയയിൽ 40,000 റിയാൽ ചെലവിലാണ് വാദി അഹെൻ എന്നപേരിൽ അറിയപ്പെടുന്ന അണക്കെട്ട് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും അണക്കെട്ടിന് അഞ്ച് മീറ്റർ ഉയരവും 12 മീറ്റർ നീളവുമുണ്ടെന്ന് പദ്ധതിയുടെ മേൽനോട്ട സമിതിയെ നയിച്ച ബദർ അൽ ഇസ്സായി പറഞ്ഞു.
കല്ലുകളും സിമന്റ് കോൺക്രീറ്റും ഉപയോഗിച്ച് നിർമിച്ച ഈ അണക്കെട്ട് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കർശനമായ സാങ്കേതിക, എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. പൗരന്മാരുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഗവർണറേറ്റിലെ ചാരിറ്റബിൾ ഗ്രൂപ്പുകൾ നൽകുന്ന ലോജിസ്റ്റിക് പിന്തുണയോടെയുമാണ് അണക്കെട്ട് പൂർത്തിയാക്കിയത്. സമീപത്തെ കൃഷിയിടങ്ങളിലേക്കും തോട്ടങ്ങളിലേക്കും ഭൂഗർഭജലം എത്തിക്കുക, ഗ്രാമത്തിൽ നിലവിലുള്ള കിണറുകളുടെ ജലനിരപ്പ് ഉയർത്തുക, ചുറ്റുമുള്ള പ്രദേശങ്ങളിൽ പച്ചപ്പ് വ്യാപിപ്പിക്കുക എന്നിവയാണ് അണക്കെട്ടിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയിൽ അണക്കെട്ടിനോടുചേർന്ന് ഒരു വിനോദ മേഖലയുടെ വികസനവും ഉദ്ദേശിക്കുന്നുണ്ടെന്ന് ഇസ്സായി പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ഈ മേഖലയിലെ കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്തിട്ടുള്ള വിവിധ സൗകര്യങ്ങൾ ഈ പ്രദേശത്ത് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.