വി.കെ. ഷെഫീർ
മസ്കത്ത്: ഒരു ചക്കക്ക് എന്ത് വിലവരും? നമ്മുടെ നാട്ടിലാണെങ്കിൽ നൂറോ ഇരുനൂറോ രൂപകൊടുത്താൽ ഒരു ചക്ക കിട്ടും. ഗൾഫിലാണെങ്കിൽ കുറച്ചു വിലകൂടും. എങ്കിലും മസ്കത്തിൽ കഴിഞ്ഞ ദിവസം ഒരു ചക്ക ലേലത്തിൽ പോയ തുക കേട്ടാൽ നിങ്ങൾ ഞെട്ടും. ഏകദേശം എഴുപത്തിരണ്ടായിരം ഇന്ത്യൻ രൂപക്ക്, അതായത് 335 ഒമാനി റിയാലിനാണ് നമ്മുടെ നാടൻ വരിക്ക ചക്ക ലേലത്തിൽ പോയത്.
ഒമാനിലെ ചാവക്കാടുകാരുടെ കൂട്ടായ്‌മയായ ‘നമ്മൾ ചാവക്കാടുകാർ’ സംഘടിപ്പിച്ച കുടുംബ സംഗമമായ ‘മഹർജാൻ ചാവക്കാട്’ എന്ന പരിപാടിയിൽ നടന്ന കൂട്ട് ലേലത്തിലാണ് ഷഹീർ ഇത്തികാടാണ് മകൾ നൗറീൻ ഷഹീറിന് വേണ്ടി ചക്ക ലേലത്തിൽ പിടിച്ചത്.
പത്ത് റിയാൽ അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലം ആരംഭിച്ചത്. വാശിയേറിയ ലേലത്തിൽ നിരവധി പേർ ആവേശപൂർവം ചക്ക സ്വന്തമാക്കാൻ പോരാടിയെങ്കിലും ഷഹീറിന് തന്നെ ചക്ക സ്വന്തമാകുകയായിരുന്നു. ഈയിടെ നാട്ടിൽനിന്നും വന്ന കൂട്ടായ്മയിലെ ഒരംഗമാണ് ചക്ക കൊണ്ടുവന്നത്.
പരമാവധി ഇരുപതിനായിരം രൂപ അതായത് ഏകദേശം നൂറ് ഒമാനി റിയാൽ മാത്രമേ ലഭിക്കൂ എന്നാണ് സംഘാടകർ കരുതിയത്. എന്നാൽ, എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് നമ്മുടെ നടൻ ചക്ക റെക്കോർഡ് തുക സ്വന്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഇതേ പരിപാടിയിൽ ചക്ക ലേലത്തിൽ പോയത് ഏകദേശം ഇരുപത്തിയ്യായ്യിരം രൂപക്ക് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.