മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വയോജനങ്ങൾക്കായി ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിൽ സാമൂഹിക വികസന മന്ത്രാലയം ‘ട്രിപ് ടു ഡോക്’ കമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. 12 ലക്ഷം റിയാൽ നിക്ഷേപത്തിലാണ് പദ്ധതി ഒരുങ്ങുക. ഉയർന്ന നിലവാരമുള്ള സാമൂഹിക, ആരോഗ്യ, വിനോദ, മനഃശാസ്ത്ര സേവനങ്ങൾ ഉൾപ്പെടുന്ന സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മാനസികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് സെന്റർ സ്ഥാപിക്കുന്നത്.
സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജറും കമ്പനി സി.ഇ.ഒ ഗ്രിഗോസ് ടൈലോസും ആണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. മസ്കത്ത് ഗവർണറേറ്റിലെ സാമൂഹിക വികസന മേഖലയിലെ തന്ത്രപ്രധാന നിക്ഷേപ പദ്ധതികളിലൊന്നാണിതെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ വയോജനകാര്യ വകുപ്പ് ഡയറക്ടർ സഫിയ ബിൻത് മുഹമ്മദ് അൽ അമിരി പറഞ്ഞു. പ്രായമായവർക്ക് അവരുടെ അവസ്ഥകൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് സഹായിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.