മസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സഈദി. മസ്കത്ത് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസംവരെ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബൗഷർ-17, സീബ്-ഏഴ്, അമിറാത്-രണ്ട് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്കുകൾ. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ സ്വദേശികളും വിദേശികളും തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഊർജിത പ്രതിരോധപ്രവർത്തനങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കൊതുകിന്റെ വ്യാപനം തടയാൻ കൊതുകുനശീകരണി തളിക്കുന്നുണ്ട്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ വിവിധ സ്ഥലങ്ങളിൽ സ്പ്രേ ചെയ്തായിരുന്നു കൊതുകുനശീകരണി നടത്തിയത്. രണ്ടു വിലായത്തുകളിൽ 10 ദിവസത്തെ കാമ്പയിനുകൾക്കും തുടക്കമായിട്ടുണ്ട്.
മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സീബ്, ബൗഷർ വിലായത്തുകളിലാണ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ടു ടീമുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഒരു ടീം പകർച്ച വ്യാധിയെക്കുറിച്ചും കൊതുകുകൾ പടരുന്ന സ്ഥലങ്ങളെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്. രണ്ടാമത്തെ ടീം കീടനാശിനികൾ തളിക്കുകയും കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്ന ചതുപ്പും നിലങ്ങളും മറ്റു നികത്തുകയുമാണ് ചെയ്യുന്നത്.
പരിസരങ്ങളിൽ മാലിന്യങ്ങളും ഒഴിഞ്ഞ പാത്രങ്ങളും വലിച്ചെറിയരുതെന്നും കൊതുകുകളുടെ വ്യാപനത്തെ ചെറുക്കുന്നതിന് വാട്ടർ ടാങ്കുകൾ മൂടണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
രാജ്യത്ത് ആദ്യമായിട്ടല്ല ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. 2019, 2020 കാലഘട്ടങ്ങളിൽ മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈഡിസ് ഈജിപ്തി എന്ന കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.