മസ്കത്ത്: മസ്കത്തിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറവായിട്ടും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നാട്ടിലെ കോവിഡ് വ്യാപനം, നാട്ടിൽനിന്ന് തിരിച്ചുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഇപ്പോഴും ഉയർന്നുനിൽക്കുന്നത് അടക്കം നിരവധി കാരണങ്ങളാലാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നത്. യാത്രക്കാർ കുറയുന്നത് ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒമാനിൽ നിരവധി ട്രാവൽ ഏജൻറ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും ചെറിയ മാർജിനിൽ പിടിച്ചുനിൽക്കുന്നവയാണ്. എല്ലാ സെക്ടറിലേക്കുമുള്ള യാത്രക്കാർ കുറഞ്ഞതോടെ ഇവയിൽ പലതും പ്രതിസന്ധി നേരിടുകയാണ്.
നാട്ടിലും ഒമാനിലും കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയതാണ് പലരും യാത്രകൾ ഒഴിവാക്കാൻ കാരണം. ഒമാനിൽ കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയതോടെ പലരും പോസിറ്റിവ് ഭീതിയിലാണ്. ആർ.ടി.പി.സി.ആർ കടമ്പ നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് ആത്മവിശ്വാസം കുറയുകയാണ്. ടിക്കറ്റെടുത്ത ശേഷം കോവിഡ് പോസിറ്റിവായാൽ നിരക്കുകൾ നഷ്ടപ്പെടുന്നതടക്കം നിരവധി പ്രയാസങ്ങൾ യാത്രക്കാർക്കുണ്ട്. ഇത്തരം നൂലാമാലകളിൽനിന്ന് രക്ഷപ്പെടാൻ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് പലരും ശ്രമിക്കുന്നത്.
ഇന്ത്യയിലെത്തിയാൽതന്നെ ഹോം ക്വാറന്റീൻ അടക്കം നിരവധി കുരുക്കുകൾ പ്രവാസികളെ കാത്തിരിക്കുന്നുണ്ട്. ഇവയൊക്കെ കർശനമായി പാലിക്കാൻ പ്രവാസി ബാധ്യസ്ഥനുമാണ്. നാട്ടിലുള്ളവർക്ക് മാസ്ക് അടക്കമുള്ള ഒരു മുൻകരുതലുകളുംആവശ്യമില്ലെങ്കിലും പ്രവാസി ഏഴ് ദിവസം ക്വാറന്റീനിൽതന്നെ കഴിയേണ്ടി വരും. ക്വാറന്റീൻ കഴിഞ്ഞ് പുറത്തിറങ്ങിയാൽ നാട്ടുകരിൽനിന്ന് കോവിഡ് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. തിരിച്ചു വരുമ്പോൾ മറ്റൊരു പി.സി.ആർ ടെസ്റ്റ് നടത്തേണ്ടത് മറ്റൊരു കടമ്പയാണ്.
മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവിസുകൾ 50 റിയാലിന് താഴെ എത്തിയെങ്കിലും കേരളത്തിൽനിന്ന് ഒമാനിലേക്കുള്ള തിരിച്ചുവരാനുള്ള നിരക്ക് ഇപ്പോഴും 160 റിയാലിന് മുകളിലാണ്. ഇതൊക്കെ പരിഗണിക്കുമ്പോൾ തൽക്കാലം യാത്ര വേണ്ടെന്ന നിലപാടിലാണ് പല പ്രവാസികളും.
അതിനിടെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്കുള്ള വിമാന നിരക്കുകൾ ഈ മാസം അവസാനം വരെ കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയറിെൻറ സാന്നിധ്യമാണ് നിരക്കുകൾ കുറയാൻ പ്രധാന കാരണം. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഈ മാസം അവസാനംവരെ 20 കിലോ ബാഗേജ് സൗകര്യത്തിന് 42.200 റിയാലാണ് എയർ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത്. കോഴിക്കോട്ടേക്ക് 43.200 ആണ് നിരക്ക്. കണ്ണൂരിലേക്ക് 56 റിയാലും കൊച്ചിയിലേക്ക് 53.200 ആണ് നിരക്കുകൾ. 30 കിലോ ബാഗേജ് സൗകര്യം ലഭിക്കണമെങ്കിൽ അഞ്ച് റിയാൽ അധികം നൽകണം. എന്നാൽ, ഫെബ്രുവരിയിലേക്ക് നിരക്ക് അൽപം കൂടുന്നുണ്ട്. നാട്ടിൽ സ്കൂൾ അടക്കുകയും മാർച്ച് അവസാനത്തോടെ വീണ്ടും സീസൺ ആരംഭിക്കുകയും ചെയ്യുന്നതോടെ മസ്കത്തിൽനിന്നുള്ള നിരക്കുകൾ വീണ്ടും 80 റിയാൽ കടക്കുന്നുണ്ട്. അതോടൊപ്പം മാർച്ച് 28ന് ശേഷം കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള നിരക്കുകളും 90 റിയാലിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.