മസ്കത്ത്: ഒമാനിലെ ഊട്ടി എന്നറിയപ്പെടുന്ന Jebel Akhdarവികസനത്തിന് വിമാനത്താവളം, പുതിയ റോഡ് അടക്കം നിരവധി പുതിയ പദ്ധതികൾ നടപ്പാക്കുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്ന ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ ഒഴുക്കു വർധിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ജബൽ അഖ്ദർ എന്ന പച്ച മലയിലുണ്ട്. വിമാനത്താവളം, പുതിയ റോഡ് എന്നിവ ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരും.
നിലവിലെ റോഡിനൊപ്പം മറ്റൊരു റോഡും കൂടി നിർമിക്കാനുള്ള പദ്ധതിയാണു ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിനുള്ളത്. പുതിയ റോഡ് നിർമാണം പൂർത്തിയാവുന്നതോടെ യാത്ര എളുപ്പമാകും. ഫോർവീലർ അല്ലാത്ത വാഹനങ്ങൾക്കും ജബൽ അഖ്ദറിലേക്ക് പോവാൻ കഴിയുന്ന രീതിയിലാണു പുതിയ റോഡ് നിർമിക്കുക. നിലവിലെ ജബൽ അഖ്ദർ റോഡിൽ ഏറെ അപകടം പതിയിരിക്കുന്നതാണ്. വളഞ്ഞു പുളഞ്ഞ് ചെങ്കുത്തായി പോവുന്ന റോഡിൽ അപകടം കൂടുതലാണ്.
ഇതു ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫോർവീലർ വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ജബൽ അഖ്ദറിലേക്കു പ്രവേശനം അനുവദിക്കുന്നത്. അതിനാൽ തന്നെ ഇത്തരം വാഹനങ്ങളില്ലാത്തവർ യാത്ര ഒഴിവാക്കുകയാണ്. പുതിയ റോഡ് നിർമിക്കുന്നതോടെ ചെറിയ വാഹനങ്ങൾക്കുകൂടി പ്രവേശനം അനുവദിക്കും.
ഇതു കൂടുതൽ സഞ്ചാരികൾ എത്താൻ സഹായിക്കുമെന്ന് സ്ഥലത്തെ ഹോട്ടൽ മേഖലയിലും മറ്റും പ്രവർത്തിക്കുന്നവർ പറയുന്നു.
ജബൽ അഖ്ദറിലെ വിമാനത്താവള പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയാറാക്കാനും സ്ഥലം കണ്ടെത്താനും രൂപകൽപനക്കും ദിവസങ്ങൾക്കു മുമ്പ് സിവിൽ ഏവിയേഷൻ അതോറിറ്റി ടെൻഡർ ക്ഷണിച്ചിരുന്നു. വിമാനത്താവളം നിർമിക്കുന്നതോടെ നിരവധി സന്ദർശകർ ചാർട്ടേഡ് വിമാനങ്ങൾ വഴിയും ഇവിടെ എത്തും. ഇതോടെ ഹ്രസ്വകാല വിനോദത്തിനു പറ്റിയ ഏറ്റവും നല്ല സ്ഥലമായി ജബൽ അഖ്ദർ മാറും.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റു നിരവധി പദ്ധതികളും അധികൃതർ ആരംഭിക്കുന്നുണ്ട്. പാരാഗൈഡിങ്, ഹോട്ട് എയർ ബലൂൺ, കേബിൾ കാർ റൈഡ്, സ്കൈലൈൻ ലൂജ് തുടങ്ങി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പദ്ധതികളും നടപ്പാക്കും.
വർഷത്തിലെ എല്ലാ കാലവും ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നത് വലിയ പ്രത്യേകതയാണ്. ഇവിടെ ഒരു കാലത്തും കടുത്ത ചൂട് അനുഭവപ്പെടാറില്ല. പൊതുവെ ഒമാനിൽ കടും ചൂട് അനുഭവപ്പെടുന്ന ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽപോലും പച്ച മലയിൽ സുഖകരമായ കാലാവസ്ഥയാണുള്ളത്. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇവിടെയുണ്ടാവുന്ന കൊടും തണുപ്പ് ആസ്വദിക്കാനും നിരവധിപേരാണു എത്തുന്നത്. ജബൽ അഖ്ദറിലെ നീർമാതള സീസൺ, പനിനീർ പൂ സീസൺ എന്നിവയും വിനോദ സഞ്ചാരികൾക്ക് വലിയ ആകർഷണമാവും. അടുത്തകാലത്തായി ജബൽ അഖ്ദറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാന പാദം വരെ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം സന്ദർശകർ ജബൽ അഖ്ദറിൽ എത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.