മസ്കത്ത്: പ്രതീക്ഷയുടെ പുതുനാളുകളിലേക്ക് ദീപങ്ങൾ പകർന്ന് ഒമാനിലെ ഇന്ത്യക്കാർ ഇന്ന് ദീപാവലി ആഘോഷിക്കും. വീടുകൾ ദീപങ്ങൾകൊണ്ട് അലങ്കരിച്ചും പ്രത്യേക പൂജകൾ നടത്തിയുമാണ് ആഘോഷത്തെ വരവേൽക്കുന്നത്. ഇതിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾ അണിയുകയും വീടുകളിൽ മധുരപലഹാരങ്ങൾ ഒരുക്കുകയും ബന്ധുക്കൾക്കും മറ്റും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ട്. വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീരാമനെ ദീപങ്ങൾ തെളിച്ച് സ്വീകരിക്കുന്നതിന്റെ ഓർമ പുതുക്കലാണ് ദീപാവലിയെന്നാണ് ഐതിഹ്യങ്ങളിലൊന്ന്. പ്രധാന ഹൈപ്പർ മാർക്കറ്റുകൾ ദീപാവലി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബേക്കറികളിലും മറ്റും ദീപാവലി വിഭവങ്ങളും എത്തിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനമായതിനാൽ നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അനുഭവപ്പെട്ടത്.
ഈ വർഷത്തെ ദീപാവലി പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആയതിനാൽ ആേഘാഷങ്ങൾക്ക് പൊലിമ കുറയും. പലരും വെള്ളിയാഴ്ചയാണ് വിപുലമായ ആഘോഷങ്ങൾ നടത്തുന്നത്. ദീപാവലിയുടെ ഭാഗമായി ചെറിയ ദീപാവലി, ദൻതേരസ് തുടങ്ങിയ ആഘോഷങ്ങളുമുണ്ട്. ദൻതേരസ് ദിവസം സ്വർണം വാങ്ങുന്നത് വർഷം മുഴുവൻ ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം. ശനിയാഴ്ചയായിരുന്നു ദൻതേരസ്. ഇതിന്റെ ഭാഗമായി നല്ല തിരക്കാണ് ജ്വല്ലറികളിൽ അനുഭവപ്പെട്ടത്. ജ്വല്ലറികളിൽ വർഷത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന സീസൺ കൂടിയാണ് ദീപാവലി. പല ബേക്കറികളും നാട്ടിൽനിന്ന് പാചക വിദഗ്ധരെ കൊണ്ടുവന്നാണ് മുൻവർഷങ്ങളിൽ പലഹാരങ്ങൾ ഒരുക്കിയിരുന്നത്. ദീപാവലി പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കും സ്ഥാപനത്തിലെ ജീവനക്കാർക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം നടത്താറുണ്ട്. മിക്ക വീടുകളിലും ഇന്നലെ മുതൽ പ്രവേശന കവാടത്തിൽ ദീപങ്ങൾ കത്തിച്ചും ബഹുവർണ ചിത്രങ്ങൾ വരച്ചും ദീപാവലിയെ വരവേൽക്കുന്നുണ്ട്.
മസ്കത്ത്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മസ്കത്ത് ഇന്ത്യന്‍ എംബസിക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് കോണ്‍സുലാര്‍-98282270, കമ്യൂണിറ്റി വെല്‍ഫെയര്‍ -80071234 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.