മസ്കത്ത്: ജലവിതരണ മേഖലയിൽ അനുഭവപ്പെടുന്ന ഭീമമായ ചോർച്ചയും പാഴാവലും കണ്ടുപിടിക്കാനും തടയാനും ഡ്രോൺ, സാറ്റ്ലൈറ്റ് എന്നിവയുടെ സഹായംതേടുകയാണ് ജലവിതരണത്തിന്റെ സംയോജിത ജല ഉൽപാദന സ്ഥാപനമായ നാമാ വാട്ടർ സർവിസസ്. വിതരണത്തിനിടെ 40 ശതമാനം ജലനഷ്ടം ഉണ്ടാവുന്നതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 444.44 ദശലക്ഷം ഘന മീറ്റർ ജലമാണ് ഒമാനിൽ ഉൽപാദിപ്പിച്ചത്. ഇതിൽ 180.7 ദശലക്ഷം ഘന മീറ്റർ പാഴായതായാണ് കണക്ക്. ഇത് മൊത്തം ജല ഉൽപാദനത്തിന്റെ 40.7 ശതമാനമാണ്. 2021ൽ 41.82 ശതമാനമായിരുന്നു ജലനഷ്ടം.
അധികൃതർ നടപ്പാക്കിയ വിവിധ നടപടികളിലൂടെ കഴിഞ്ഞ വർഷം ജലനഷ്ടം അതിന്റെ മുൻവർഷത്തെക്കാൾ 1.12 ശതമാനം കുറഞ്ഞിരുന്നു.ജലനഷ്ടം തടയാൻ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതായി നാമ ചെയർമാൻ ഉമർ അൽ വഹൈബി പറഞ്ഞു. ബില്ലിടാത്ത ജലത്തിന് ബില്ലിടുക, തെറ്റായി പ്രവർത്തിക്കുന്ന മീറ്റർ മാറ്റുക, കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തുക, ജലം പാഴാവുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ അറ്റകുറ്റപ്പണി നടത്തുക, ജലം പാഴാവുന്നത് കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നിവ ഇതിൽ ഉൾപ്പെടും.
ജലനഷ്ടം കണ്ടുപിടിക്കുന്നതിന് ഡ്രോൺ ചിത്രങ്ങളുടെയും സാറ്റ് ലൈറ്റുകളുടെയും സഹായം തേടലും ഇതിൽ ഉൾപ്പെടും. ഇടക്കിടെ ജലം പാഴാവൽ സംഭവിക്കുന്ന പൈപ് ലൈനുകൾ കണ്ടെത്തുന്നതിൽ കമ്പനി വിജയിച്ചിട്ടുണ്ട്.വെള്ളം നഷ്ടപ്പെടുന്നത് കുറക്കുകയാണ് കമ്പനിയുടെ നയപരമായ ലക്ഷ്യമെന്ന് നാമ സി.ഇ.ഒ പ്രതികരിച്ചു. കഴിഞ്ഞവർഷം മീറ്റർ തകരാറുമൂലമുള്ള ബില്ലിങ് നഷ്ടങ്ങൾ മുൻ വർഷത്തെക്കാൾ 1.67 ശതമാനം കുറക്കാൻ കഴിഞ്ഞു.
പൈപ് ലൈനിലെ ചോർച്ച അടക്കമുള്ള കാരണങ്ങളാലുണ്ടാവുന്ന സാങ്കേതിക നഷ്ടവും 1.33 ശതമാനം കുറക്കാനായി.ലൈനുകളിലുണ്ടാവുന്ന ജലനഷ്ടം കുറക്കുന്നതിന് പ്രത്യേക ടീം രൂപവത്കരിച്ചിട്ടുണ്ട്. പ്രധാന മീറ്റർ നിരീക്ഷണം നടക്കുകയും ചോർച്ചകളും തടസ്സങ്ങളും കണ്ടെത്തുകയുമാണ് ടീമിന്റെ ദൗത്യം.
പഴയ വിതരണ ശൃംഖലകൾ മാറ്റുക. ജലചോർച്ച കണ്ടെത്താൻ ഡ്രോൺ അടക്കമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, കേടുവന്നതും പ്രവർത്തിക്കാത്തതുമായ മീറ്ററുകൾ കണ്ടെത്തി പുതിയവ സ്ഥാപിക്കുക എന്നിവയും ടീമിന്റെ ഉത്തരവാദിത്തമാണ്. ചോർച്ച വഴിയുള്ള കൂടുതൽ ജല നഷ്ടം കണ്ടെത്താൻ ഡ്രോണുകളുടെ സഹായത്തോടെ കാമറകൾ ഉപയോഗപ്പെടുത്തുന്നുമുണ്ട്. നാല് ദശലക്ഷം പേർക്കാണ് നാമ ജലവിതരണം നടത്തുന്നത്. 8,96,000 ജല ഉപഭോക്താക്കളാണ് ‘നാമ’ക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.