മസ്കത്ത്: ദുകം റിഫൈനറിയിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. നവംബർ അവസാനത്തോടെ പദ്ധതി 96 ശതമാനം പൂർത്തീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ദുകം സാമ്പത്തിക മേഖലയിലെ പ്രധാന പദ്ധതികളിലൊന്നാണിത്. മേഖലയിലെ ഏറ്റവും വലിയ വ്യാവസായിക, സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി ദുകത്തെ മാറ്റുന്നതിനുള്ള പദ്ധതിയുടെ തുടക്കരേഖയായാണ് ഇതിനെ കണക്കാക്കുന്നത്. ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പദ്ധതി ഒക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇന്റർനാഷനലും ചേർന്നുള്ള സംയുക്ത സംരംഭമായാണ് ഒരുങ്ങുന്നത്. പദ്ധതിയിൽ പ്രധാനമായും മൂന്ന് പാക്കേജുകളാണുള്ളത്. ആദ്യത്തേതിൽ റിഫൈനറിയുടെ പ്രധാന പ്രൊസസിങ് യൂനിറ്റുകൾ ഉൾപ്പെടുന്നതാണ്. സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാമത്തേതിൽ വരുന്നത്.
ലിക്വിഡ്, ബൾക്ക് പെട്രോളിയം വസ്തുക്കളുടെ സംഭരണവും കയറ്റുമതി സൗകര്യങ്ങൾ, ദുകം തുറമുഖം, റാസ് മർകസിലെ ക്രൂഡ് ഓയിൽ സംഭരണ കേന്ദ്രങ്ങൾ, റാസ് മർകസിൽ നിന്ന് ദുകം റിഫൈനറിയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നതിനുള്ള 81കിലോ മീറ്റർ പൈപ്പ് ലൈൻ എന്നിവയാണ് മൂന്നാമത്തെ പാക്കേജിൽ വരുന്നത്.
ഡീസൽ, വ്യോമയാന ഇന്ധനം, നാഫ്ത, ദ്രവീകൃത പെട്രോളിയം വാതകം, സൾഫർ, പെട്രോളിയം കോക്ക് എന്നിവ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 10 പ്രധാന പ്രോസസിങ് യൂനിറ്റുകൾ ദുകം റിഫൈനറിയിൽ ഉൾപ്പെടുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള എണ്ണ ഉൽപന്നങ്ങൾ നൽകാൻ സഹായിക്കും. പ്രതിദിനം 2,30,000 ബാരൽ ശേഷിയുള്ള ദുകം റിഫൈനറി പ്രവർത്തനം ആരംഭിക്കുന്നതോടെ സുൽത്താനേറ്റിന് പ്രതിദിനം 5,00,000 ബാരൽ ശുദ്ധീകരിച്ച എണ്ണ ഉൽപന്നങ്ങൾ നൽകാൻ കഴിയുന്ന സ്ഥിതിയിലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.