മസ്കത്ത്: മേഖലയിലെ ഏറ്റവും വലിയ ഊർജ പദ്ധതികളിലൊന്നായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. അൽ വുസ്ത ഗവർണറേറ്റിലെ ദുകം വിലാത്തിൽ ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരാണ് പദ്ധതി നാടിന് സമർപ്പിച്ചത്.
ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇന്റർനാഷനൽ കമ്പനിയും തമ്മിലുള്ള സഹകരണത്തിലാണ് ബൃഹത്തായ ദുകം റിഫൈനറി പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ഒമാന്റെ മൊത്തം എണ്ണം ശുദ്ധീകരണ ശേഷി പ്രതിദിനം 500,000 ബാരലായി ഉയർത്താൻ കഴിയും ആധുനിക ഹൈഡ്രോകാർബൺ ക്രഷിങ്, കോക്കിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് റിഫൈനറി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ദുകം പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ഈ മേഖലയെ തിരക്കേറിയ വ്യാവസായിക, സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായകമായ പങ്കുവഹിക്കും. ഒമാന്റെ കിഴക്കൻ തീരത്തെ തന്ത്രപ്രധാനമായ സമുദ്രസ്ഥാനം പ്രയോജനപ്പെടുത്തി, ആഗോള വിപണികളിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ റിഫൈനറി ഒരു പ്രധാന ചാലകശക്തിയാകും. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസൽ, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ റിഫൈനറി കുവൈത്തും ഒമാനും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര ബന്ധവും സഹകരണവും ശക്തിപ്പെടുത്താൻ സംയുക്ത നിക്ഷേപം സഹായകമാവും.
ഉദ്ഘാടനത്തിനായെത്തിയ സുൽത്താനേയും അമീറിനെയും പരമ്പരാഗത കലകളോടെയാണ് വരവേറ്റത്. ഇരുനേതാക്കളെയും വരവേറ്റ് റോഡിന്റെ ഇരുവശങ്ങളിലും ആളുകൾ തടിച്ചുകൂടിയിരുന്നു. കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അതിഖി, ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സുൽത്താനെയും അമീറിനെയും സ്വീകരിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു. റിഫൈനറിയുടെ ഒരുക്കുന്നതിൽ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വ്യക്തമാക്കുന്നതായിരുന്നു വിഡിയോ. ദുകം റിഫൈനറിയുടെ ഉദ്ഘാടനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിന്റെ തുടർച്ചയാണെന്ന് ഒമാൻ നിക്ഷേപ അതോറിറ്റി മേധാവി അബ്ദുസ്സലാം അൽ-മുർഷിദി പറഞ്ഞു. റിഫൈനറികളിലും പെട്രോകെമിക്കൽ മേഖലയിലും രണ്ട് അറബ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. ഒമ്പത് ദശലക്ഷം ഡോളർ ചെലവിലാന് റിഫൈനറി സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.