മസ്കത്ത്: ഒമാനിലെ ദുകത്തെ സൗദിയിലെ റിയാദുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ സാധ്യതകളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗതാഗത, വിനിമയ, വിവരസാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു. പ്രാദേശിക റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ എം.ടി.സി.ഐ.ടിയിലെ ഗതാഗത അണ്ടർ സെക്രട്ടറി ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖിയാണ് ഇക്കാര്യം പറഞ്ഞത്. ഇബ്രിയിലെ അതിർത്തി ക്രോസിങ്ങിലൂടെ ദുകത്തെയും റിയാദിനെയും ബന്ധിപ്പിക്കുന്നതിനുള്ള റെയിൽപാതയുടെ നിർമാണമാണ് പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഇരു രാജ്യങ്ങളിൽനിന്നും നല്ല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
പദ്ധതി ചെലവേറിയതും നടപ്പാക്കുന്നതിനു മുമ്പ് വിശദമായ പഠനങ്ങളും ആവശ്യമാണ്. ചരക്കു ഗതാഗതത്തിനും വാണിജ്യ ചലനത്തെ ഉത്തേജിപ്പിക്കുന്നതിനും പദ്ധതി ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ ഗതാഗത മേഖലക്ക് കുതിപ്പേകുന്ന, യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്ക് ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കരാർ (എൻജിനീയറിങ്, നിർവഹണം, നിർമാണം) നൽകുമെന്ന് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി നേരത്തേ പറഞ്ഞിരുന്നു. മന്ത്രാലയത്തിന്റെ ഭാവിപദ്ധതികൾ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. ഇതോടെ പദ്ധതി വേഗത്തിൽ ട്രാക്കിലാകുമെന്ന പ്രതീക്ഷയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.