മസ്കത്ത്: മുനിസിപ്പാലിറ്റി അധികൃതർ വിവിധ ഭക്ഷണശാലയിൽ നടത്തിയ പരിശോധനയിൽ 36 കിലോയോളം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. എട്ടു മാസത്തിനിടെയാണ് ഇത്രയും ഭക്ഷണം പിടിച്ചെടുത്തതെന്നും ആവശ്യമായ നിയമനടപടികൾക്കുശേഷം ഇവ നശിപ്പിച്ചതായും സിവിക് അതോറിറ്റി അറിയിച്ചു.
പരിശോധനകളിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 118 ഉപകരണങ്ങളും പാത്രങ്ങളും മറ്റു സാമഗ്രികളും ഉപയോഗശൂന്യവും വൃത്തിഹീനവുമായ നിലയിൽ കണ്ടുകെട്ടിയിട്ടുമുണ്ട്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പിഴയോ തടവോ ഉൾപ്പെടെയുള്ള നിയമനടപടികൾ കേസിന്റെ ഗൗരവമനുസരിച്ച് ചുമത്തിയിട്ടുണ്ടെന്നും മസ്കത്ത് മുനിസിപ്പാലിറ്റി പ്രതിനിധി ഖാലിദ് അൽ ഖാൻബാഷി പറഞ്ഞു.
വിവിധ കുറ്റകൃത്യങ്ങൾക്ക് അധികൃതർ ചുമത്തുന്ന പിഴ സംബന്ധിച്ചും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളിൽനിന്ന് ലൈസൻസ് നേടാതെ വാണിജ്യ പ്രവർത്തനം നടത്തുന്നതിന് 300 റിയാലാണ് പിഴ ഈടാക്കുക. മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ ആരെങ്കിലും ഭക്ഷണം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്താലും സമാനമായ പിഴ ഈടാക്കും. ഭക്ഷണം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് തെളിയിക്കപ്പെട്ടാൽ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യും.
ഭക്ഷണശാലകളിൽ അനാരോഗ്യകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പാലിറ്റിയുടെ വിവിധ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ വഴിയോ 1111 കാൾ സെന്റർ വഴിയോ അറിയിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടതോ വാടകക്ക് നൽകിയതോ ആയ വീടുകളുടെ ഉടമകൾ ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക, സുരക്ഷ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും അനധികൃത പ്രവർത്തനങ്ങൾക്ക് കെട്ടിടങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.