മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി കടകളിലും മാർക്കറ്റുകളിലും പരിശോധന തുടരുന്നത് ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ബർക്കയിലെ മാംസശാലകളിലും മറ്റും പരിശോധന നടത്തി. നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുന്നതിന്‍റെയും ഭാഗമായിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്. ദിവസങ്ങൾക്കുമുമ്പ് വടക്കൻ ബാത്തിന, മസ്കത്ത് തുടങ്ങി വിവിധ ഗവർണറേറ്റുകളിലെ പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലും അധികൃതർ പരിശോധന നടത്തിയിരുന്നു.
അതോറിറ്റിയും അതിന്‍റെ വിവിധ ഡയറക്ടറേറ്റുകളും വകുപ്പുകളും പരിശോധന ടീമുകൾക്കായി ഒരു ഫീൽഡ് വർക്ക് പ്രോഗ്രാം രൂപവത്കരിച്ചിട്ടുണ്ട്. ഷിഫ്റ്റ് സമ്പ്രദായമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പെരുന്നാളിന് മുന്നോടിയായി വിപണികളിൽ വസ്ത്രങ്ങളും ചരക്കുകളും മറ്റും വാങ്ങാൻ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്താൻകൂടി ലക്ഷ്യമിട്ടാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാരും ഷോപ് ഇൻസ്‌പെക്ടർമാരും പരിശോധന സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.