മസ്കത്ത്: ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. പെരുന്നാൾ അവധി ആഘോഷിക്കാൻ ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തിയത്. ജബൽ അഖ്ദറിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയാണ് വിനോദ സഞ്ചാരികളെ ഈ മലമുകളിലേക്ക് ആകർഷിക്കുന്നത്.
ഒമാനിൽ പരക്കെ ചൂട് 50 ഡിഗ്രി സെൾഷ്യസിന് അടുത്തെത്തുമ്പോൾ ജബൽ അഖ്ദറിൽ 32 ഡിഗ്രി സെൾഷ്യസാണ് താപനില. കടുത്ത ചൂടിൽനിന്ന് രക്ഷ നേടാനും സുഖകരമായ കാലാവസ്ഥ അനുഭവിക്കാനും നിരവധി പേരാണ് കുടുംബ സമേതം എത്തുന്നത്. അയൽ രാജ്യങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യവും ജബൽ അഖ്ദർതന്നെയാണ്. ഇനിയുള്ള അവധി ദിവസങ്ങളിലും കൂടുതൽ വിനോദ സഞ്ചാരികളെ ത്തിച്ചേരും.
തിരക്ക് വർധിച്ചതോടെ ഹോട്ടലുകളിൽ റൂമുകൾ കിട്ടാത്ത അവസ്ഥയുമുണ്ട്. ജബൽ അഖ്ദറിൽ താമസ ഇടങ്ങൾ കിട്ടത്തതിനാൽ പലരും അടുത്തുള്ള നിസ്വ അടക്കമുള്ള നഗരങ്ങളിൽ റൂം എടുത്താണ് ജബൽ അഖ്ദറിലെത്തുന്നത്. ചൂട് കൂടിയതിനാൽ യാത്രകൾ കുറക്കുകയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ റൂമുകളെടുത്ത് കുടുംബസമേതം തങ്ങുകയും ചെയ്യുന്ന രീതിയാണ് ഈ വർഷമുള്ളത്.
ജബൽ അഖ്ദറിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനു പുറമെ മരങ്ങളും സസ്യങ്ങളും പൂത്തുലയുകയും കായകൾ നിറഞ്ഞു നിൽക്കുന്ന സീസൺ കൂടിയാണിത്. അതിനാൽ ജബൽ അഖ്ദർ മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്.
നീർമാതളം വിളവെടുക്കുന്ന സീസൺ ആഗസ്റ്റ് മുതൽ ആരംഭിക്കാനിനിരിക്കെ ആയിരക്കണക്കിന് നീർമാതള മരങ്ങളിൽ കായകൾ വിരിഞ്ഞു വരികയാണ്. ജബൽ അഖ്ദറിൽ എവിടെ നോക്കിയാലും ഈ മനോഹര കാഴ്ചയാണുള്ളത്. ആപ്രിക്കോട്ട്, വാൾനട്ട് തുടങ്ങിയ മരങ്ങളും പൂവും കായും നിറഞ്ഞ് നിൽക്കുന്ന മനോഹര കാഴ്ചകളും വിനോദ സഞ്ചാരികൾക്ക് ഏറെ ആനന്ദം പകരുന്നതാണ്.
ജബൽ അഖ്ദറിലേക്കുള്ള ചുരം കയറിയുള്ള യാത്രയും വിനോദ സഞ്ചാരികൾ ഏറെ ഹരം പകരുന്നതാണ്. ചുരം കയറുന്നതിനിടെ താഴ്ഭാഗ കാഴ്ചകൾ മനോഹരമാണ്. ഈ യാത്ര ഏറെ അപകടം നിറഞ്ഞതിനാൽ ഇതിന് നിരവധി നിയന്ത്രണങ്ങളുമുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റ് സൗകര്യങ്ങൾക്കുമായി ജബൽ അഖ്ദറിലെ ചുരം ആരംഭിക്കുന്ന മേഖലയിൽ ചെക് പോയിന്റ് ഒരുക്കിയിയിട്ടുണ്ട്. ഇവിടെനിന്ന് മേൽപോട്ട് ഫോർ വീലർ വാഹനങ്ങൾ മാത്രമെ കടത്തി വിടുകയുള്ളു. വാഹനങ്ങളുടെ ഉടമസ്ഥാവകാശവും ഡ്രൈവറുടെ ലൈസൻസും പരിശോധനക്ക് വിധേയമാക്കും. വാഹനത്തിൽ യാത്ര ചെയ്യാൻ അനുവാദമുള്ള അത്രയുംപേരെ മാത്രമായിരിക്കും മുകളിലേക്കു വിടുക.
കൂടുതൽ യാത്രക്കാരുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ പരിശോധിക്കും. പർവ്വതത്തിലേക്ക് കയറുന്ന വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തിവെക്കുകയും വാഹന മോടിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. വാഹനം ചുരം കയറുമ്പോഴും ചുരം ഇറങ്ങുമ്പോഴും ഡ്രൈവർമാർ നടത്തേണ്ട മുൻകരുതലുകളും ചെക്പോസ്റ്റിൽ ഇരിക്കുന്നവർ വിശദീകരിക്കുന്നുണ്ട്.
നിയന്ത്രണങ്ങൾ കടുത്തതോടെ ജബൽ അഖ്ദർ ചുരത്തിൽ അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. മുൻ കാലങ്ങൾ നിരവധി അപകടങ്ങളാണ് ജബൽ അഖ്ദറിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇവയിൽ അധികവും നടന്നത് ഇത്തരം അവധിക്കാലത്താണ്. ചുരം ഇറങ്ങുമ്പോഴാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.
ചുരം ഇറങ്ങുമ്പോഴുണ്ടാവുന്ന ചെറിയ അശ്രദ്ധ വൻ അപകടത്തിലേക്കു നയിക്കും. ചുരങ്ങളിലും മറ്റും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കിൽ വൻ കൊക്കയിലേക്കാണ് വാഹനം മറിയുക. അതിനാൽ ഏറെ ജാഗ്രതയോടെയാണ് ചുരം കയറുമ്പോഴും ഇറങ്ങുമ്പോഴും വാഹനം ഓടിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.