മസ്കത്ത്: അനധികൃത തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. സ്പോൺസർഷിപ്പിലല്ലാതെ ജീവനക്കാരെ നിയമിക്കുന്നത് ഒമാനി ലേബർ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. അതിർത്തികളും കള്ളക്കടത്തുകാരുടെ നീക്കവും നിരീക്ഷിച്ച് സുൽത്താനേറ്റിലേക്ക് നുഴഞ്ഞ് കയറുന്നത് തടയാനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ, ഈ പ്രതിഭാസത്തിന്റെ അപകടത്തെക്കുറിച്ചും സുരക്ഷ, സമ്പദ്വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയിൽ വരുത്തുന്ന പ്രതികൂല സ്വാധീനം കണക്കിലെടുത്ത് അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും സമൂഹത്തെ തുടർച്ചയായി ബോധവത്കരിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫിസ് ഡയറക്ടർ അലി ബിൻ സലേം അൽ സവായ് പറഞ്ഞു.
ജോലി ചെയ്യാൻ ലൈസൻസില്ലാത്ത ഒമാനി ഇതര തൊഴിലാളിയെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണ്. ഇങ്ങനെയുള്ളവരെ വെച്ചാൽ 2,000 റിയാൽ വരെ പിഴയും 10 മുതൽ 30 ദിവസം വരെ തടവുശിക്ഷയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഉടമയിൽനിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നത് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 147 പ്രകാരം ശിക്ഷാർഹമാണ്.
ഇവരെ ജോലിക്ക് നിയമിച്ചാൽ 10 മുതൽ 30 ദിവസം വരെ തടവും 1,000 മുതൽ 2,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്ത് കുറ്റകൃത്യങ്ങളിൽ മറ്റും ഏർപ്പെട്ട് നിയമനടപടികളിൽനിന്ന് രക്ഷപ്പെട്ടാണ് പലരും ഒമാനിൽ അനധികൃതമായി പ്രവേശിക്കുന്നതെന്ന് അഭിഭാഷകനും ജഡ്ജിയും കോടതിയുടെ മുൻ പ്രസിഡൻറുമായ ഡോ. ഖലീഫ ബിൻ സെയ്ഫ് അൽ ഹിനായ് അഭിപ്രായപ്പെട്ടു.
നുഴഞ്ഞു കയറ്റക്കാരെ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് സാമ്പത്തിക മേഖലയിലും വലിയ ദോഷം വരുത്തും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ ജോലിക്ക് നിയമിക്കുന്ന ഈ അപകടകരമായ പ്രതിഭാസത്തെ ചെറുക്കാൻ തങ്ങൾ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. സമൂഹത്തിന്റെയും പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം ഈ കഠിനമായ ദൗത്യത്തിന് ആവശ്യമാണെന്നും ആർ.ഒ.പി പറഞ്ഞു.
അതേസമയം, ഈ വർഷം മേയ്, ജൂൺ മാസങ്ങളിൽ ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 58 പേരെയാണ് റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. അനധികൃമായി നുഴഞ്ഞുകയറി ജോലിയിൽ പ്രവേശിക്കുന്നതും മറ്റും വലിയ അപകട സാധ്യതകൾ ഉണ്ടാക്കുന്നുണ്ടെന്ന് ആർ.ഒ.പിയിലെ ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ബ്രിഗേഡിയർ മുഹമ്മദ് ബിൻ നാസർ അൽ കിന്ദി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത്തരം ആളുകൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
കുറ്റവാളികളെ തിരിച്ചറിയുന്നതിൽ അധികാരികൾക്ക് സുരക്ഷാ വെല്ലുവിളികളും ഉയർത്തും. മാത്രമല്ല, അവരുടെ സാന്നിധ്യം ആരോഗ്യ സേവനങ്ങളെ തടസ്സപ്പെടുത്തുകയും പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്ത്, ഭിക്ഷാടനം തുടങ്ങിയ പ്രശ്നങ്ങളും നുഴഞ്ഞുകയറ്റക്കാരാൽ ഉണ്ടാക്കുന്നുണ്ട്. നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങളും അപകടസാധ്യതകളും ലഘൂകരിക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ പൗരന്മാർക്കും സമൂഹത്തിനും നിർണായക പങ്കുണ്ട്.
നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമങ്ങളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മാധ്യമ പ്രചാരണങ്ങളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും ബോധവത്കരണവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.