മസ്കത്ത്: സലാല, നിസ്വ, സുഹാർ, മസ്കത്ത് എന്നിവിടങ്ങളിൽ അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭാവിയിലെ സുസ്ഥിര നഗരങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചതായി ഭവന, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. ഈ നഗരങ്ങളിൽ 50,000 മുതൽ 130,000 വരെ ആളുകൾക്ക് താമസിക്കാൻ കഴിയുന്ന 10,000 മുതൽ 30,000 വരെയുള്ള നിരവധി ഭവന യൂനിറ്റുകൾ ഒരുക്കും.വിവിധ ഗവർണറേറ്റുകൾക്കായി നഗര തന്ത്രം നടപ്പിലാക്കുന്നതിനായി മന്ത്രാലയം എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജബൽ അഖ്ദർ വിലായത്ത് വികസനം ത്വരിതപ്പെടുത്തുന്നതിനുപുറമെ ഗ്രേറ്റർ മസ്കത്ത്, ഗ്രേറ്റർ സലാല, ഗ്രേറ്റർ നിസ്വ, ഗ്രേറ്റർ സുഹാർ എന്നിവയുടെ ഘടനാപരമായ പദ്ധതികൾ തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്മിറ്റി ആരംഭിച്ചു. വാർത്ത സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബഹുമുഖ ഉപയോഗ നിക്ഷേപ കേന്ദ്രമാണ് ജബൽ അഖ്ദർ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഏറ്റവും ഉയർന്ന സേവനം നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുവൈലി പറഞ്ഞു.2023ൽ 23,000 റസിഡൻഷ്യൽ പ്ലോട്ടുകൾ വിതരണം ചെയ്യാനും 1,200 കുടുംബങ്ങളെ ഭവനസഹായ പദ്ധതിയിൽ ഉൾപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വർഷം 1,400 കുടുംബങ്ങൾക്ക് 35 ദശലക്ഷം റിയാലിന്റെ ഭവന സഹായം നൽകിയിട്ടുണ്ട്. ഈ വർഷം ഇതേ തുകയുടെ സഹായം 1,200 കുടുംബങ്ങൾക്ക് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.