മസ്കത്ത്: വിനിമയ നിരക്ക് വീണ്ടും ഉയർന്ന് റിയാലിന് 218 രൂപ എന്ന നിരക്ക് കടന്നു. റിയാലിന്റെ വിനിമയ നിരക്ക് കാണിക്കുന്ന ഓൺലൈൻ പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 218.48 രൂപ എന്ന നിരക്കായിരുന്നു. എങ്കിലും ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 218 രൂപ എന്ന നിരക്കാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ശനി, ഞായർ ദിവസങ്ങളിൽ ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുക.
അമേരിക്കൻ ഡോളർ ശക്തമായതും എണ്ണവില വർധിച്ചതുമാണ് വിനിമയ നിരക്ക് വർധിക്കാൻ പ്രധാന കാരണം. ഡോളർ ശക്തമായതോടെ ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളെല്ലാം തകർന്നിട്ടുണ്ട്. ഇത് തന്നെയാണ് ഇന്ത്യൻ കറൻസികളെയും ബാധിക്കുന്നത്. മറ്റു യൂറോപ്യൻ കറൻസികളെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിന്റെ ശക്തി കാണിക്കുന്ന ഡോളർ ഇന്റക്സും ഉയർന്നിട്ടുണ്ട്. നിലവിൽ 102.9 ആണ് ഡോളർ ഇന്റക്സ്. ഇത് രണ്ട് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്നതാണ്.
ഡോളർ ഇന്റക്സ് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഡോളർ ഇന്റക്സ് ഇനിയും ഉയർന്ന് 103.35 പോയന്റ് വരെ എത്താമെന്നും വിദഗ്ധർ പറയുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ എണ്ണ വിലയും കുത്തനെ ഉയരുന്നുണ്ട്. യുദ്ധം ശക്തി പ്രാപിക്കുന്നതോടെ എണ്ണ വിതരണം തടസ്സപ്പെടാൻ കാരണമാവുമെന്ന ഭീതിയാണ് വില വർധിക്കാൻ പ്രധാന കാരണം. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ എണ്ണ സംഭരണം ശക്തിപ്പെടുത്തുന്നുമുണ്ട്. എണ്ണവില അടുത്തു തന്നെ ബാരലിന് 80 ഡോളർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. എട്ട് വ്യപാര മേഖലയിൽനിന്ന് കഴിഞ്ഞ ദിവസം ഏഴ് ശതകോടി ഡോളറാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. ഇതോടെ ഒരു ഡോളറിന്റെ വില 83.98 രൂപ വരെ എത്തിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിയാലിന്റെ വിനിമയ നിരക്ക് ഒരു റിയാലിന് 218 രൂപക്ക് അടുത്ത് നിൽക്കുകയായിരുന്നു. ഒക്ടോബർ ആറ് മുതലാണ് വിനിമയ നിരക്ക് 218 ന് അടുത്തെത്തിയത്. പല വിനിമയ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ 217.80 രൂപ എന്ന നിരക്കാണ് നൽകിയത്. ഈ വർഷം മാർച്ച് ഒമ്പതിന് ഒരു റിയാലിന് 214.70 രൂപയായിരുന്നു വിനിമയ നിരക്ക്.
പിന്നീട് നിരക്ക് മോൽപോട്ടും താഴോട്ടുമായി നിൽക്കുകയായിരുന്നു. നിരക്കുകൾ ഉയർന്ന് 218 തൊടുകയും ചെയ്തിരുന്നു. ഈ വർഷം സെപ്റ്റംബർ 21ന് 216.60 രൂപയായിരുന്നു റിയാലിന്റെ വിനിമയ നിരക്ക്. അതിനു ശേഷമാണ് വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയത്. നിലവിലെ അവസ്ഥയിൽ വിനിമയ നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.