മസ്കത്ത്: ഒമാനിൽ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിങ് നിർത്തുന്നത് റെസിഡന്റ് കാർഡിന് പ്രാധാന്യം വർധിപ്പിക്കും. പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യാത്തത് യാത്രയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഒമാൻ അധികൃതർ നൽകുന്ന റെസിഡന്റ് കാർഡുകൾ മതിയാവുമെന്നും വ്യക്തമാക്കുന്നു. വിസ ഓൺലൈനിലൂടെ ആക്കുക വഴി താമസരേഖകൾ പുതുക്കുന്നത് എളുപ്പമാക്കുകയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാതിരിക്കുന്നതുകൊണ്ട് ഒമാനിൽ യാതൊരു പ്രയാസവും ഉണ്ടാവാനിടയില്ലെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഒമാനിലേക്കു വരുന്നവർക്ക് ബുദ്ധിമുട്ടാവുമോ എന്ന് ചില പ്രവാസികൾക്ക് ആശങ്കയുണ്ട്. ചെറിയ കാര്യങ്ങൾക്കുപോലും വിദേശ യാത്രക്ക് തടസ്സമുണ്ടാക്കുന്നവരിൽ ചിലർ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും എമിഗ്രേഷനിലും ഇരിക്കുന്നുണ്ട്. വിസയിലും പാസ്പോർട്ടിലുമൊക്കെയുണ്ടാവുന്ന ചെറിയ പിഴവുകൾപോലും പർവതീകരിച്ച് യാത്ര മുടക്കുന്നതിൽ ചിലർ 'മിടുക്കന്മാ'രാണ്. ഇത്തരക്കാർ വിസ ഇല്ലാത്ത പാസ്പോർട്ട് കാണുമ്പോൾ പ്രയാസങ്ങൾ സൃഷ്ടിക്കുമോ എന്നാണ് പ്രവാസികൾ ആശങ്കപ്പെടുന്നത്.
ഇനി യാത്രകൾക്കും മറ്റും റെസിഡൻറ് കാർഡ് നിർബന്ധമാവുന്ന സാഹചര്യവുമുണ്ട്. ഇന്ത്യയിൽനിന്നും മറ്റും റെസിഡൻറ് കാർഡുകൾ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താൻ യാത്ര മുടങ്ങുകയും പുതിയ കാർഡുകൾ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടിവരും.
അതിനാൽ റെസിഡൻറ് കാർഡുകൾക്ക് ഇനി പ്രാധാന്യം വർധിക്കുന്നതായും ഇന്ത്യയിലേക്കും മറ്റും യാത്ര ചെയ്യുമ്പോൾ റെസിഡൻറ് കാർഡുകൾ കൈയിൽ കരുതുകയും അവ സൂക്ഷിക്കുകയും ചെയ്യണമെന്ന് സാമൂഹിക പ്രവർത്തകരും മറ്റും മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.