സുഹാർ: പ്രവാസമണ്ണിൽ കൃഷിയിലൂടെ സൗഹൃദം വളർത്തിയ മണ്ണിന്റെ മണമുള്ള കർഷകൻ അസീസ് ഹാഷിം എന്ന ചീക്ക നടണയുന്നു. 36 വർഷത്തെ പ്രവാസത്തിന് വിരാമമിട്ടാണ് ജന്മനാടിന്റെ പച്ചപ്പിലേക്ക് മടങ്ങുന്നത്. സുഹാറിലെ പ്രവാസികൾക്കിടയിൽ ചിരപരിചിതനായ ചീക്കയുടെ മടക്കം തീർക്കുന്ന വിടവ് വലുതാണെന്ന് കൂട്ടായ്മകൾ പറയുന്നു. മസ്കത്തിൽനിന്ന് ജോലി മാറ്റവുമായി സുഹാറിലെ തരീഫിൽ എത്തുമ്പോൾ വില്ലക്ക് പിറകുവശത്തെ ചെറിയ തരിശ് ഭൂമിയിലായിരുന്നു ചീക്കയുടെ കണ്ണ് ഉടക്കിയത്. ഒരു വർഷം കൊണ്ട് തണ്ണിമത്തനും ചേനയും ചേമ്പും കാച്ചിലും കാന്താരിയും വാഴയും എന്നുവേണ്ട വ്യത്യസ്ത ഇനം പഴങ്ങളും പച്ചക്കറികളും വിളയുന്ന ഇടമായി ഈ അടുക്കള മുറ്റത്തെ മാറ്റി. ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ തോട്ടം കാണാനെത്തി.
അവർക്കൊക്കെ വിളവെടുത്ത പച്ചക്കറികളും കൃഷിയെക്കുറിച്ചുള്ള പാഠങ്ങളും ശാസ്ത്രീയമായി ഒരുക്കി സൂക്ഷിച്ച വിത്തുകളും നൽകി. പ്രവാസ വിരസതയിൽ കൃഷിക്കുള്ള പങ്കിനെക്കുറിച്ച് സംസാരിച്ചു. പലരെയും അടുക്കളത്തോട്ടത്തിന്റെ ആളാക്കി മാറ്റി. ഇന്ന് ഇവരിൽ പലരും കൃഷിയിലൂടെ ആനന്ദം കണ്ടെത്തുന്നവരാണ്. കൃഷിക്ക് പിന്നിൽ ഭാര്യയുടെ പ്രോത്സാഹനമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഒമാന്റെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. നമ്മൾ അതിനെ മെരുക്കി എടുക്കുക. ബാക്കി മണ്ണ് തരുമെന്ന് അസീസ് ഹാഷിം പറയുന്നു. പാട്ടുകാരൻ കൂടിയായ ഇദ്ദേഹം മെഹഫിൽ രാവുകളുമായി സൗഹൃദ കൂട്ടായ്മ നടത്താറുണ്ട്. ഇതിനായി നല്ല പാട്ടുകാരും സംഗീതോപകരണ വായനക്കാരും സൗഹൃദത്തിൽ ഉണ്ട്. പ്രവാസ ജീവിതത്തിലെ ആകെ സമ്പാദ്യം നല്ല സൗഹൃദങ്ങളുണ്ടാക്കാൻ പറ്റിയതാണെന്ന് ഇദ്ദേഹം പറയുന്നു.
തലശ്ശേരി മാഹി കൂട്ടായ്മ മുതൽ നിരവധി സാമൂഹിക സാംസ്കാരിക കൃഷി കൂട്ടായ്മയിൽ അംഗമാണ്. കൈരളി ആർട്സ് ക്ലബ് അംഗം കൂടിയാണ്. 1987 ആഗസ്റ്റ് പത്തിനാണ് ഒമാനിൽ എത്തിയത്. ഖുറം റോസ്ഗാർഡന്‍ മുന്നിലുള്ള അമ്മാവന്റെ ഷോപ്പിലായിരുന്നു ആദ്യ ജോലി. പിന്നീട് മറ്റൊരു കമ്പനിയിലേക്ക് മാറി. മാഹിയിലെ പ്രശസ്ത തറവാടായ ചോയ്യാൻ കണ്ടി കുടുംബാംഗമാണ്. ഭാര്യ: മുത്തു എന്ന മുംതാസ്. മക്കൾ: അർഷാദ് ആരിഫ് (വിദ്യാർഥി, ജർമനി), മിഫ്തഹ് ജന്ന (മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി), സമാൻ അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.