മസ്കത്ത്: വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കൽ 2021ൽ 7.5 ശതമാനം കുറഞ്ഞതായി ഒമാൻ സെൻട്രൽ ബാങ്ക്. 2021ൽ 312 കോടി റിയാലാണ് വിദേശികൾ നാട്ടിലേക്ക് അയച്ചത്. പത്തുവർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. 2020ലും വിദേശികളുടെ പണം അയക്കൽ നാലു ശതമാനം കുറഞ്ഞിരുന്നു. പണം അയക്കുന്നത് കുറയാൻ പ്രധാന കാരണം കോവിഡിനെ തുടർന്ന് വിദേശികൾ രാജ്യം വിട്ടതാണ്. ഇത് കാരണം വിദേശികളുടെ എണ്ണം ഗണ്യമായി കുറയുകയും 2021ൽ മുൻവർഷത്തെക്കാൾ 7.5 ശതമാനം കുറയുകയുമായിരുന്നു. 2015 മുതൽ ഒമാനിൽനിന്നും പുറത്തേക്കുള്ള പണം അയക്കൽ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 2015ൽ 4.226 ശതകോടി റിയാലാണ് രാജ്യത്തിന് പുറത്തേക്ക് അയച്ചത്.
ഒമാനിലെ വിദേശികളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷമായി കുറയുകയായിരുന്നു. 2019ൽ വിദേശികളുടെ എണ്ണം 1.712 ദശലക്ഷമായിരുന്നു. 2020ൽ ഇത് 1.443 ദശലക്ഷമായി കുറഞ്ഞു. 2021ൽ വിദേശികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 1.409 ദശലക്ഷമായി തീരുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ വർഷത്തോടെ സാമ്പത്തികരംഗം മെച്ചപ്പെടുകയും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോവുന്ന പ്രവണതകൾ കാണിക്കുകയും ചെയ്തു. ഇതോടെ നിക്ഷേപം വർധിക്കുകയും സാമ്പത്തിക മേഖലയിൽ പുത്തൻ ഉണർവ് പ്രകടമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, വിദേശത്തേക്കുള്ള പണം അയക്കൽ കുറഞ്ഞെങ്കിലും ഒമാന്റെ ആഭ്യന്തര നിക്ഷേപം 2021ൽ 30.5 ശതമാനം വർധിച്ചിട്ടുണ്ട്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾ കാരണം തൊഴിൽ നഷ്ടപ്പെട്ടതടക്കമുള്ള കാരണങ്ങളാൽ 2020ൽ ആഭ്യന്തര നിക്ഷേപം 34.6 ശതമാനം കുറഞ്ഞിരുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര നിക്ഷേപത്തിന്റെയും മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയും അനുപാതം 2021ൽ 33.5 ശതമാനമായി ഉയർന്നിരുന്നു. 2020ൽ ഈ അനുപാതം 29.9 ശതമാനം ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.