മസ്കത്ത്: കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാൻ അവസരം നൽകിയത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസമാണ് ഒമാൻ തൊഴിൽ മന്ത്രാലയം വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ സെപ്റ്റംബർ ഒന്നുവരെ ഒഴിവാക്കിയതായി അറിയിച്ചത്. ആഗസ്റ്റ് 31വരെ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, പുതുക്കിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.
സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ നിർദ്ദേശത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് കുത്തനെ കുറച്ച് പുതിയ വിസാ നിരക്കുകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ ഈ വിഭാഗത്തിന് വിസാ ഫീസായി ഈടാക്കിയിരുന്നത്. 74 തസ്തികകളാണ് ഈ വിഭാഗത്തിൽ വരുന്നത്.
സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കിയയിട്ടുണ്ടെങ്കിൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് വിസ പുതുക്കാൻ 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 251 ആയി കുറച്ചു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽ പെട്ടവരും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്നവരാണ് ഇതിൽ പെടുന്നത്. 601 റിയാൽ മുതൽ 1001 റിയാൽ വരെയായിരുന്നു ഈ വിഭാഗത്തിൽ ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവൽകരണ തോത് പൂർത്തിയാക്കിയ കമ്പനികളിൽ നിന്ന് 176 റിയാൽ മാത്രമാണ് ഈടാക്കുക. മൂന്നാം വിഭാഗത്തിൽ പെട്ടവരുടെ വിസ നിരക്ക് 201 റിയാലായി കുറച്ചു.
നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. സ്വദേശിവൽക്കരണ തോത് പുർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ട് ജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 141 റിയാലാണ് ഈടാക്കിയിരുന്നത്. കൃഷിക്കാരുടെ വിസാ ഫീസ് 201 റിയാലിൽ നിന്ന് 141 ആയി കുറച്ചിട്ടുണ്ട്. വിസ ഫീസ് കുറക്കാനുള്ള തീരുമാനം രാജ്യത്തിന്‍റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.