മസ്കത്ത്: ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) 2022-2026 കാലയളവിലേക്കുള്ള ഡയറക്ടർ ബോർഡ് ചെയർമാനായി ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ 21ൽ 11 വോട്ട് നേടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയുമായ ഡോ. സാലിഹ് സഈദ് മസാനാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചത്.
ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനായി റാഷിദ് അമർ അൽ മസ്ലാഹിയെയും സെക്കൻഡ് ഡെപ്യൂട്ടി ചെയർമാനായി ഹമൂദ് സലിം അൽ സാദിയെയും തെരഞ്ഞെടുത്തു. അൻവർ ഹമദ് അൽ സിനാനി, നായിഫ് ഹമീദ് ഫാദിൽ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. സൗദ് അഹമ്മദ് അൽ നഹാരി, സാഹിർ മുഹമ്മദ് അൽ കാബി, സെയ്ദ് അലി അൽ അബ്രി എന്നിവരെ നിക്ഷേപ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. ഓഡിറ്റ് പാനൽ അംഗങ്ങളായി മുഹമ്മദ് നാസർ അൽ മസ്കേരി, ഹുസൈൻ അബ്ദുൽ ഹുസൈൻ അൽ ലവാത്തി, മുസ്തഫ അഹമ്മദ് സൽമാൻ എന്നിവരെയും തെരഞ്ഞെടുത്തു.
ഒ.സി.സി.ഐ ശാഖകളുടെ ശാക്തീകരണത്തിലൂടെ ബിസിനസ് സമൂഹവുമായുള്ള ബന്ധം ഉറപ്പിക്കുമെന്നും വികേന്ദ്രീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അൽ റവാസ് പറഞ്ഞു. ഒമാൻ പാക്കേജിങ് കമ്പനി, അൽ ബറക ഫിനാൻഷ്യൽ സർവിസസ്, സലാല മിൽസ്, അൽ റവാസ് ഹോൾഡിങ് എൽ.എൽ.സി, കുനൂസ് ഒമാൻ ഹോൾഡിങ്, അൽ ബറക ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമാണ് അൽ റവാസ്. കഴിഞ്ഞയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
ഈ വർഷം ബോർഡ് ഓഫ് ഡയറക്ടറിലേക്ക് വിദേശ പ്രതിനിധികൾക്ക് മത്സരിക്കാൻ അവസരം ലഭിച്ചിരുന്നു. ഈ സീറ്റിലേക്ക് ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് ചരിത്രവിജയം നടിയത്.മൊത്തം 21 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 65 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. മുസന്ദം ഗവര്‍ണറേറ്റിലാണ് കൂടുതല്‍ വോട്ടിങ് നടന്നത്. ദിബ്ബ, ഖസബ് എന്നിവിടങ്ങളിലായി സജ്ജീകരിച്ച കേന്ദ്രങ്ങളിൽ 90.8 ശതമാനം വോട്ടര്‍മാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.