മസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ ഈ വർഷം1,219 പേരെ മോചിപ്പിച്ചതായി ഒമാനി ലോയേഴ്‌സ് അസോസിയേഷൻ മേധാവി ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സദ്‌ജലി പറഞ്ഞു. പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇകാര്യം അറിയിച്ചത്.
ഏറ്റവും കൂടുതൽ ആളുകളെ മോചിപ്പിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ് -261. 202 കേസുകളുമായി മസ്കത്ത് ഗവർണറേറ്റാണ് തൊട്ടുപിന്നിൽ. 2012ൽ പദ്ധതി തുടങ്ങിയ ശേഷം കഴിഞ്ഞ 12 വർഷത്തിനിടെ 7,113 പേരാണ് കുടുംബത്തിന്‍റെ സ്നഹേത്തണലിലലിഞ്ഞത്. ഫാക് കുറുബ’യുടെ പതിനൊന്നാമത് പതിപ്പായിരുന്നു ഈ വർഷം നടന്നത്. 811 പേരെ മോചിപ്പിച്ച കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനത്തിന്‍റെ കുതിച്ചുചാട്ടമാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് ഒമാനി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ റുബൈയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ലോയേഴ്സ് അസോസിയേഷൻ സംഘടനയുടെ മറ്റ് ഡയറക്ടർമാരും അറിയിച്ചു.
ഈ വർഷം മോചിപ്പിച്ചവരിൽ പ്രവാസികളും ഉൾപ്പെടുന്നുണ്ട്. ജയിലിൽനിന്ന് പുറത്തിറങ്ങിയവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹായവും നലകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഫാക് കുറുബ പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. മാർച്ച് ആദ്യം ആരംഭിച്ച ഫാക് കുറുബയുടെ പതിനൊന്നാമത് പതിപ്പിന് മികച്ച പിന്തുണയാണ് പൊതു സമൂഹത്തിൽനിന്ന് ലഭിച്ചത്. പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്.
2012ൽ തുടങ്ങിയ പദ്ധതിയിലൂടെ നിരവധിപേരെ ജീവിതത്തിന്‍റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.