സലാല: ആരോഗ്യ ബോധവത്കരണത്തിനായി സലാലയിൽനിന്ന് മുഗ്സൈലിലേക്ക് ദേശീയദിന അവധി ദിനത്തിൽ ദീർഘദൂര നടത്തം സംഘടിപ്പിക്കുന്നു. സലാല വാക്ക് ഫോർ വെൽനസ് എന്ന തലക്കെട്ടിലാണ് പരിപാടി.
ദീർഘദൂര നടത്തക്കാരനും ഇന്ത്യൻ സ്കൂൾ കായികാധ്യാപകനുമായ ഈശ്വർ ദേശ് മുഖാണ് നേതൃത്വം നൽകുക. നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് നടത്തത്തിൽ പങ്കാളിയാവാം.ഫാസ് സ്പോർട്സും ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്നാണ് ഒമാന്റെ 54ാം ദേശീയ ദിനത്തിൽ 54 കിലോമീറ്റർ നടത്തം ഒരുക്കുന്നത്.
അവധി ദിനമായ നവംബർ 20 ബുധൻ അതിരാവിലെ നാല് മണിക്ക് ഹംദാനിലെ ലൈഫ് ലൈൻ ആശുപത്രി പരിസരത്തുനിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. 11 മണിയോടെ മുഗ്സൈലിൽ എത്തിച്ചേരാണ് പരിപാടി. തുടക്കത്തിൽ ലൈഫ് ലൈൻ മുതൽ റൈസൂത്ത് വരെയോ അവസാനം മുഗ്സൈൽ ബീച്ചിലോ മധ്യ ഭാഗത്തോ താൽപര്യമുള്ളവർക്ക് പങ്കാളികളാകാം.
സലാലയിൽ താമസിക്കുന്ന ആർക്കും ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നടക്കുന്നവർക്കുള്ള ടീഷർട്ടും ക്യാപ്പും , ആവശ്യമായ ഡ്രസിങ്സും ലഭ്യമാക്കുന്നതാണ്. നടത്തത്തിനുള്ള മുഴുവൻ സഹകരണവും നൽകുമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു.
ഈശ്വർ ദേശ് മുഖ് കഴിഞ്ഞ ഫെബ്രുവരിയിൽ സലാലയിൽനിന്ന് താഖയിലേക്ക് 28 കിലോമീറ്റർ നാല് മണിക്കൂർ കൊണ്ട് നടന്നിരുന്നു. ആരോഗ്യ ബോധവത്കരണത്തിനായുള്ള ഈ ശ്രമത്തിൽ മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന് ഇദ്ദേഹം പറഞ്ഞു.
ഫാസ് ഡയറക്ടർ ജംഷാദ് അലി, ലൈഫ് ലൈൻ ഓപറേഷൻ മാനേജർ അബ്ദുൽ റഷീദ് ആസൂത്രണ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 94272545.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.