മസ്കത്ത്: ഖരീഫ് സീസൺ അടുത്തതോടെ സലാലയിൽ മികച്ച കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. നിലവിൽ 32-34 ഡിഗ്രി സെൽഷ്യസിനുമിടയിലാണ് അന്തരീക്ഷ താപനില. സലാലയിൽ ഉയർന്ന ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നത്. 72 ശതമാനത്തിനും 90 ശതമാനത്തിനുമിടയിലാണ് അന്തരീക്ഷ ഈർപ്പം.
ചില ഭാഗങ്ങളിൽ അന്തരീക്ഷ ഈർപ്പം ഇതിലും കൂടുതലാണ്. പലയിടത്തും മഴ പെയ്യാനും തുടങ്ങിയിട്ടുണ്ട്. ഖരീഫ് സീസണിനു മുമ്പായി അനുഭവപ്പെടുന്ന ഈ സുഖകരമായ കാലാവസ്ഥ പെരുന്നാൾ ആഘോഷിക്കാനെത്തുന്നവർക്ക് അനുഗ്രഹമാവും. പെരുന്നാൾ അവധിക്കാലത്ത് ഏറെ സുന്ദരമായ കാലാവസ്ഥയാണ് സലാലയിൽ അനുഭവപ്പെടുക.
ചില പർവത പ്രദേശങ്ങളിൽ മഴ പെയ്യാൻ തുടങ്ങിയതോടെ ഇത്തരം ഗ്രാമങ്ങളിൽനിന്നുള്ളവർ സലാല സന്ദർശിക്കാനെത്തുന്നത് ഖരീഫ് സീസണിന്റെ പ്രതിനിതിയാണുണ്ടാക്കുന്നത്. എന്നാൽ, മൺസൂണിനു മുന്നോടിയായ കലാവസ്ഥ സലാലയിൽ അനുഭവപ്പെടാൻ തുടങ്ങി എന്നതിനുള്ള ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇത് ഏറെ നേരത്തേയാണെന്നാണ് വിശകലനം. സലാലയിലെ ഇപ്പോഴത്തെ മഴ മൺസൂണിനു മുന്നോടിയാണെന്നും വരും ദിവസങ്ങളിൽ സലാലയിൽ വ്യാപകമായി ചാറ്റൽ മഴയുണ്ടാവുമെന്നും സലാലയിലെ താമസക്കാർക്കും സന്ദർശകർക്കും ഏറെ ആഹ്ലാദം പരത്തുമെന്നും ചൂണ്ടിക്കാണിക്കുന്നു.
സലാലയിൽ കടുത്തചൂട് അനുഭവപ്പെട്ടത് നല്ല മഴക്കും തണുത്ത കാലാവസ്ഥക്കും കാരണമാകുമെന്ന് സലാലയിലെ പരമ്പരാഗത കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കടുത്തചൂട് ഉയർന്ന അന്തരീക്ഷ ഈർപ്പത്തിനു കാരണമാകുമെന്നും അതിനാൽ ഈവർഷം ഏറെ തണുത്തതും സന്തോഷകരവുമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും ഇവർ വിലയിരുത്തുന്നു. ഇത് സലാലയിലെത്തുന്ന സന്ദർശകർക്കും മികച്ച അനുഭവമായി മാറും.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 45 ഡിഗ്രിക്കും 50 ഡിഗ്രി സെൽഷ്യസിനുമിടയിൽ താപനില അനുഭവപ്പെടുമ്പോഴാണ് സലാലയിൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. സലാലയിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടാനും ഒറ്റപ്പൊക്ക മഴക്കും സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
മൂടൽമഞ്ഞിനും താഴ്ന്ന നിലയിലുള്ള മേഘങ്ങൾക്കുമുള്ള സാധ്യതയുമുണ്ട്. ഖരീഫ് സീസൺ ജൂൺ 21 മുതലാണ് ആരംഭിക്കുന്നത്. അതിന് ഒരാഴ്ച മുമ്പാണ് ബലിപെരുന്നാൾ അവധി ആരംഭിക്കുന്നത്. ഏതായാലും പെരുന്നാൾ അവധിക്കാലത്തെ ഏറ്റവും മികച്ച ആഘോഷ കേന്ദ്രമായിരിക്കും സലാല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.