മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ വിശ്വാസി സമൂഹം കൂട്ടമായി ജുമുഅ പ്രാർഥനക്കായി ഒഴുകിയതിനാൽ പള്ളി അങ്കണങ്ങൾ നിറഞ്ഞ് കവിഞ്ഞു. സാമൂഹിക അകലം പാലിക്കാതിരിന്നിട്ടുപോലും പലർക്കും മസ്ജിദിനുള്ളിൽ പ്രാർഥനയിൽ പങ്കാളിയാകാനായില്ല. ആദ്യ ബാങ്കിന് മുമ്പ്തന്നെ പള്ളിയുടെ അകത്തളങ്ങൾ നിറഞ്ഞിരുന്നു. പിന്നീട് എത്തിയ പലരും മസ്ജിദിന്‍റെ മുറ്റങ്ങളിലും റോഡുകളിലുമായാണ് പ്രാർഥനകൾ നിർവഹിച്ചത്.
ഏകദേശം രണ്ടുവർഷത്തെ ഇവേളക്ക് ശേഷമാണ് മസ്ജിദുകളിൽ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ ജുമുഅ പ്രാർഥന കഴിഞ്ഞ ദിവസം നടക്കുന്നത്. കോവിഡിന്‍റെ ആദ്യ ഘട്ടത്തിൽ മഹാമാരി വ്യപനം നിയന്ത്രിക്കാനായി ജുമുഅ അടക്കം അധികൃതർ നിരോധിച്ചിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി ഇളവുകൾ കൊടുത്ത് പ്രാർഥനകൾക്ക് അനുമതി നൽകുകകയായിന്നു. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായായിരുന്നു കഴിഞ്ഞ നോമ്പിലും പെരുന്നൾ ദിനത്തിലും മസ്ജിദുകളിൽ പ്രാർഥനകൾ നടന്നിരുന്നത്.
പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതോടെ മേയ് 22ന് ആണ് അധികൃതർ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയത്. അതേസമയം, എല്ലാവരും മഹാമാരിക്കെരിരെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ള ആളുകൾ വീട്ടിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി ഇടകലരുന്നത് ഒഴിവാക്കണം. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.