മസ്കത്ത്: സുൽത്താനേറ്റിലെ മത്സ്യബന്ധന മേഖലക്ക് ഉണർവുപകർന്ന് കൊഞ്ച് സീസണിന് തുടക്കമായി. ഏപ്രിൽ അവസാനം വരെ രണ്ടുമാസമാണ് കൊഞ്ചുബന്ധന സീസൺ നീണ്ടുനിൽക്കുക. തെക്കുകിഴക്കൻ തീരങ്ങളായ ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ മേഖലകളിലെ കടലിലാണ് കൊഞ്ച് ധാരാളമായി ലഭിക്കുക. രാജ്യത്തെ മത്സ്യമാർക്കറ്റുകളിൽ കൊഞ്ച് ധാരാളമായി എത്തിത്തുടങ്ങിയിട്ടുണ്ട്.
വർഷത്തിൽ രണ്ടുമാസം മാത്രമുള്ള സീസൺ മേഖലയിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് സാമ്പത്തികമായും സാമൂഹികമായും ഏറെ പ്രാധാന്യമുള്ളതാണെന്ന് തെക്കൻ ശർഖിയ ഗവർണറേറ്റിലെ മത്സ്യബന്ധന വകുപ്പ് മേധാവി സാലിം അൽ അറൈമി പറഞ്ഞു. ഒാരോ വർഷവും ഉൽപാദനം വർധിച്ചു വരുന്നുണ്ട്. 2016ൽ 430 ടൺ ഉൽപാദിപ്പിച്ചത് കഴിഞ്ഞവർഷം 464 ടൺ ആയി ഉയർന്നു.
കഴിഞ്ഞവർഷം ജി.സി.സി, ഏഷ്യൻ വിപണികളിലേക്ക് 98 ടൺ കയറ്റിയയക്കുകയും ചെയ്തു. സീസണിൽ ഒരു കിലോഗ്രാമിന് മൂന്നര റിയാൽ മുതൽ അഞ്ചു റിയാൽ വരെയാണ് വില. ഒരു മത്സ്യത്തൊഴിലാളിക്ക് പ്രതിമാസം ശരാശരി 500 റിയാൽ മുതൽ 700 റിയാൽ വരെ സമ്പാദിക്കാൻ സാധിക്കും. പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിക്കണമെന്നും മുട്ടയിടുന്നവയെയും ചെറിയ കൊഞ്ചുകളെയും പിടിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.