മസ്കത്ത്: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും വെള്ളപ്പൊക്കം അപകടം വിതക്കാനിടയുള്ള മേഖലകളും കണ്ടെത്താൻ പദ്ധതിയുമായി കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം. അപകട മേഖല ഭൂപടം തയാറാക്കാൻ മന്ത്രാലയം കൺസൽട്ടൻസിയെ ചുമതലപ്പെടുത്തി. ഇതിനായി രണ്ടുവർഷ കാലയളവാണ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തുക, അപകട സാധ്യതയും വെള്ളം ഒഴുകി പോകുന്ന പ്രധാന വാദികളും ഉപവാദികളും അടയാളപ്പെടുത്തുക, ഇവയെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് ഉയർന്ന അപകടസാധ്യത, ഇടത്തരം അപകട സാധ്യത, കുറഞ്ഞ അപകട സാധ്യതയുള്ളവ എന്നിങ്ങനെ വേർതിരിക്കുക തുടങ്ങിയവയാണ് കൺസൾട്ടൽസിയുടെ പ്രധാന ചുമതല.
അപകടകരമായ കാലാവസ്ഥ അനുഭവപ്പെടാനിടയുള്ള സമയങ്ങളിൽ ദേശീയ ദുരന്ത നിവാരണ ഏജൻസിക്ക് ജനജീവിതവും സമ്പത്തും സംരക്ഷിക്കാനുള്ള നടപടികൾ എളുപ്പമാക്കാൻ മാപ്പ് സഹായകമാവും. സുരക്ഷിത നഗര നിർമാണത്തിനും ഇത്തരം മാപ്പുകൾ സഹായകമാവും. താഴ്വരകളിലും അതിന് സമീപവും താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും മാപ്പ് ഉപകരിക്കും. കൂടാതെ, ഇത്തരം മേഖലകളിൽ കെട്ടിടങ്ങളും മറ്റും നിർമിക്കുമ്പോൾ ആവശ്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനും കഴിയും.
മൂന്ന് ഘട്ടങ്ങളാണ് പ്രധാനമായും ഈ പദ്ധതിക്കുള്ളത്. ഓരോ ഭാഗത്തും പെയ്യുന്ന മഴയും ഒഴുകി പോകുന്ന ഭാഗങ്ങളും വിശകലനം ചെയ്ത് ഡാറ്റകൾ തയാറാക്കുകയാണ് ഒന്നാം ഘട്ടം. ഇത് 12 മാസം നീണ്ടു നിൽക്കും. എല്ല ഗവർണറേറ്റുകളിലെയും മഴയുടെ അളവും പെയ്യുന്ന പ്രധാന കേന്ദ്രങ്ങളും അത് ഒഴുകിയെത്തുന്ന താഴ്വരകളും ഈ ഘട്ടത്തിൽ കണ്ടെത്തും. എല്ലാ ഗവർണറേറ്റുകളിലും ആവർത്തിച്ച് വരുന്ന മഴയും മഴയുടെ അളവും സംബന്ധിച്ച ഗ്രാഫ് തയാറാക്കുക, എല്ലാ ഗവർണറേറ്റുകളിലും വെള്ളപ്പൊക്കമുണ്ടാകുന്നതിന്റെ ഗൈഡുകൾ തയാറാക്കുക, ഓരോ ഗവർണറേറ്റുകളിലും മഴമൂലം രൂപപ്പെടുന്ന വാദികളുടെ രൂപം മനസ്സിലാക്കുക എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടും.
വെള്ളപ്പൊക്കം അപകട വിതക്കാനിടയുള്ള മേഖലകൾ കണ്ടെത്താനുളള രണ്ടാം ഘട്ടത്തിന് ഏഴ് മാസത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. അപകട മേഖലകളിലെ വെള്ളച്ചാലുകളും അവ ചെന്നെത്തുന്ന താഴ്വരകളും ഈ ഘട്ടത്തിൽ തിരിച്ചറിയും. കുറഞ്ഞ, ഇടത്തരം, കൂടിയ അപകട മേഖല പ്രദേശങ്ങൾ ഈ ഘട്ടത്തിൽ വേർതിരിക്കും.
വെള്ളപ്പൊക്ക അപകട മേഖലകളിൽ അപകടം വരുമ്പോൾ എടുക്കേണ്ട അടിയന്തര നടപടികളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ഇതിന് അഞ്ച് മാസ കാലാവധിയാണ് നൽകിയിട്ടുള്ളത്. ഇത്തരം ഘട്ടങ്ങളിൽ ഈ മേഖലകളിൽ എടുക്കേണ്ട മുന്നൊരുക്കങ്ങളും പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങളും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.