മസ്കത്ത്: ഒമാനിൽനിന്ന് നാട്ടിലേക്കും തിരിച്ച് ഒമാനിക്കും ഇനി നിയന്ത്രണങ്ങളില്ലാതെ പറക്കാം. യാത്രക്കാർക്ക് ഏറെ ദുരിതം പകർന്നിരുന്ന ക്വാറന്റീനും പി.സി.ആർ ടെസ്റ്റുകളും ഇനി ഓർമ. നിയന്ത്രണ പരമ്പരകൾ ഒഴിഞ്ഞതോടെ വിമാനങ്ങളിൽ യാത്രക്കാർ വർധിക്കുമെന്ന ആശ്വാസത്തിലാണ് വിമാന കമ്പനികൾ. എന്നാൽ, ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്ക് വീണ്ടും നീട്ടിയത് യാത്രക്കാർക്ക് തിരിച്ചടിയാവുന്നുണ്ട്. തിരക്ക് വർധിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ വർധിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർ.
ഒമാനിലേക്കും തിരിച്ചുമുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവായ സന്തോഷത്തിലാണ് പ്രവാസികൾ. ഒമാനിലേക്ക് രണ്ട് ഡോസ് വാക്സിന് എടുത്തു വരുന്നവർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ് പ്രവാസികൾ എതിരേറ്റത്. എന്നാൽ, അഞ്ച് വയസ്സിന് മുകളിലുള്ള രണ്ടു വാക്സിൻ എടുക്കാത്ത എല്ലാവർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ഒമാനിൽനിന്നും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഒമാനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കൊരുങ്ങുമ്പോൾ പി.സി.ആർ ടെസ്റ്റുകൾ പലപ്പോഴും വില്ലന്മാരായിട്ടുണ്ട്. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് ടെസ്റ്റ് നടത്തേണ്ടത്. ഈ ടെസ്റ്റിൽ ഫലം പോസിറ്റിവായാൽ യാത്ര മുടങ്ങും. ബജറ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ് നിരക്കും നഷ്ടപ്പെടും. അതിനാൽ, യാത്രയുടെ കാര്യത്തിൽ എപ്പോഴും അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനാൽ പലരും യാത്ര പോവുന്നതുപോലും മറ്റുള്ളവരോട് പറയുന്നത് പി.സി.ആർ പോസിറ്റിവ് ഫലം ലഭിച്ച ശേഷമായിരുന്നു.
പി.സി.ആർ പരിശോധനക്ക് കഴിഞ്ഞ രണ്ടു വർഷമായി ഭീമമായ സംഖ്യ ചെലവാക്കിയവരാണ് പ്രവാസികൾ. ഒമാനിൽ ആദ്യകാലങ്ങളിൽ 25 റിയാലാണ് പരിശോധന സ്ഥാപനങ്ങൾ ഈടാക്കിയിരുന്നത്. ഇന്ത്യയിലും ആദ്യ കാലങ്ങളിൽ 1500 മുതൽ 2000 രൂപ വരെ ഈടാക്കിയിരുന്നു. ഒരവസരത്തിൽ ഒമാനിലെത്തുന്നവർ മുന്ന് പി.സി. ആർ പരിശോധനകൾവരെ നടത്തിയിരുന്നു.
പി.സി.ആറും മറ്റു നിയന്ത്രണങ്ങളും മാറിയെങ്കിലും വിമാന സർവിസുകൾക്ക് നിയന്ത്രണം തുടരുന്നത് യാത്രക്കാർക്ക് ഇനി വലിയ വെല്ലുവിളിയാവും. ഈ മാസം ആദ്യം ഏർപ്പെടുത്തിയ ഇന്ത്യൻ സർക്കാറിെൻറ വിമാന നിയന്ത്രണം തിങ്കളാഴ്ചയാണ് അവസാനിച്ചത്. കോവിഡ് കേസുകൾ കുറയുകയും വാക്സിനേഷൻ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിൽ വിലക്ക് മാർച്ച് ഒന്ന് മുതൽ പിൻവലിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, വിലക്ക് ഈ മാസം 23 വരെ നീട്ടുകയാണ് അധികൃതർ ചെയ്തത്. ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചെങ്കിലും കേവിഡിെൻറ മൂന്നാം തരംഗം ശക്തിപ്രാപിച്ചതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്ക് ഇനി നീട്ടില്ലെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കോവിഡ് കാരണം നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഏറെ ദുരിതങ്ങൾ താണ്ടിയ പ്രവാസികൾ വിലക്കുകൾ നീങ്ങിയതോടെ സന്തോഷകരമായ യാത്രകൾ നടത്താമെന്ന ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.