മസ്കത്ത്: കർശന ശിക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തി ഒമാനി ശിക്ഷാനിയമം പരിഷ്കരിച്ചു. ഇതുസംബന്ധിച്ച സുൽത്താെൻറ ഉത്തരവ് പുറത്തിറങ്ങി. മന്ത്രിസഭ കൗൺസിൽ അടക്കമുള്ളവയുടെ അംഗീകാരത്തിന് ശേഷമാണ് പരിഷ്കരിച്ച ശിക്ഷാനിയമം സംബന്ധിച്ച ഉത്തരവ് സുൽത്താൻ പുറപ്പെടുവിച്ചത്. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിൽപന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പുതിയ നിയമപ്രകാരം പത്തുവർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. പതിനായിരം റിയാൽ പിഴയും വ്യവസ്ഥ ചെയ്യുന്നു. േകടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാൽ ശിക്ഷ 15 വർഷമായി ഉയരും. ആരെയെങ്കിലും തടഞ്ഞുവെക്കുകയോ നിയമത്തിന് വിരുദ്ധമായ ഏതെങ്കിലും രീതിയിൽ വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുകയോ ചെയ്തതായി തെളിയുന്ന കേസുകളിൽ മൂന്നുമാസം മുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ കുറ്റക്കാരെന്ന് തെളിയുന്നവർക്കാകെട്ട ഏഴുവർഷം വരെ തടവ് ലഭിക്കും.
രാജ്യത്തിെൻറ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാർത്തകളോ ഉൗഹാപോഹങ്ങളോ ബോധപൂർവം പ്രചരിപ്പിക്കുന്നവർക്ക് മൂന്നുമാസം മുതൽ മൂന്നുവർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. ഒമാനിൽ താമസിക്കുന്നവർ രാജ്യത്തിന് പുറത്ത് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതും ശിക്ഷാർഹമാണ്. ഒൗദ്യോഗിക ജോലിക്കിടെ സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക് വധശിക്ഷയാകും ലഭിക്കുക. കൊല്ലപ്പെട്ടവരുടെ രക്തബന്ധുക്കൾ മാപ്പുനൽകിയാൽ ഇത് തടവുശിക്ഷയായി ചുരുങ്ങും.
ഇസ്ലാമിനെയോ ഖുർആനെയോ പ്രവാചകന്മാരെയോ അല്ലെങ്കിൽ മറ്റുമതങ്ങളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമുതൽ പത്തുവർഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. സർക്കാർ, സ്വകാര്യ ഫണ്ടുകളിൽ തിരിമറി നടത്തുന്ന സർക്കാർ ജീവനക്കാർക്ക് മൂന്നുമുതൽ അഞ്ചുവർഷം വരെ തടവ് ലഭിക്കും. ഇവരെ സർവിസിൽനിന്ന് പിരിച്ചുവിടുന്നതടക്കം നടപടികൾക്കും പുതിയ ശിക്ഷാനിയമം നിർദേശിക്കുന്നു. ആംബുലൻസിെൻറയോ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂർവം തടസ്സപ്പെടുത്തുന്നവർക്കും തടവ് ശിക്ഷ ലഭിക്കും. രാജ്യത്തിന് പുറത്ത് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയോ ഭീകരസംഘടനകളിൽ ചേരുകയോ ചെയ്യുന്ന സ്വദേശികൾക്ക് മൂന്നുമുതൽ 15 വർഷം വരെ തടവാണ് വ്യവസ്ഥ ചെയ്യുന്നത്. ശത്രുക്കൾക്ക് രാജ്യത്തിന് അകത്തേക്ക് കടക്കാൻ സൗകര്യമൊരുക്കുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്യുന്നവർക്ക് കുറ്റം തെളിഞ്ഞാൽ വധശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.