മസ്കത്ത്: മസ്കത്തിലെ ബൗഷർ ക്ലബ് മൈതാനിയിൽ സോക്കർ കാർണിവലിലെ സ്റ്റാളുകൾ കളികാണാനെത്തിയവർക്ക് ഉത്സവ ലഹരി പകർന്നു. പെട്ടി അപ്പം മുതൽ മുട്ടമാലവരെ നൂറുക്കണക്കിന് ഭക്ഷ്യ വിഭവങ്ങളാണ് ഫുട്ബാൾ നഗരിയെ ഉത്സവ നഗരിയാക്കിയത്. കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങൾക്കൊപ്പം മുഖം മനോഹരമാക്കലും മൈലാഞ്ചി ഇടലുമൊക്കെയായതോടെ ഉത്സവ നഗരി കുട്ടികൾക്കും ഹരമായി.
മൈതാനിയിൽ കാൽപന്ത് മത്സരങ്ങൾ കാണാനെത്തുന്നവരിൽ വലിയ വിഭാഗവും ആദ്യം കയറിയിറങ്ങിയത് കാർണിവൽ ഗ്രൗണ്ടിലാണ്. കുടുംബമായി എത്തുന്നവരാണ് കൽപന്തുകളി വലിയ ആഘോഷമാക്കിയത്. കളിലഹരിക്ക് വിനോദങ്ങളും കൊതിയൂറും ഭക്ഷ്യ വിഭവങ്ങളും കൂടിയായതോടെ നഗരിയിലെത്തിയവർക്ക് സോക്കർ കാർണിവൽ മറക്കാനാവാത്ത അനുഭവമായി. വൈകുന്നേരം നാലോടെ തന്നെ നഗരിയിലേക്ക് ഫുട്ബാൾ ആരാധകർ വന്നണയാൻ തുടങ്ങിയിരുന്നു. കാർണിവൽ നഗരിയിൽ ആവേശം പകർന്ന് രാജ് കലേഷ് കൂടി എത്തിയതോടെ തിരക്ക് വർധിച്ചു. ഭക്ഷ്യ വിഭവങ്ങൾക്കൊപ്പം സോഡകളും സർബത്തുകളും ജ്യൂസുകളും ഉണ്ടായിരുന്നു.
കൊതിയൂറുന്ന വിഭവങ്ങളായിരുന്നു കാർണിവലിലെ പ്രധാന ആകർഷണം. ഇവയെല്ലാം വീട്ടിൽ നിന്നുണ്ടാക്കി കൊണ്ട് വന്നതായിരുന്നു. അതിനാൽ ഗുണനിലവാരത്തിലും രുചിയിലും മുൻപന്തിയിലായിരുന്നു. ഓരോ കൗണ്ടറിലും നിരവധി ഇനം ഭക്ഷ്യ ഇനങ്ങളുണ്ടായതിനാൽ ഏത് വാങ്ങണമെന്ന ആശയക്കുഴപ്പത്തിലായി സന്ദർശകർ. പെട്ടി അപ്പം, സൈനുമ്മ സ്പെഷൽ, അസൻ മട്ടർ, തലശ്ശേരി ദം ബിരിയാണി, മട്ടൻ ബിരിയാണി, മുട്ടമാല, നെയ്യപ്പം, ബ്രഡ് നിറച്ചത്, പാനിപൂരി, തലശ്ശേരി സ്പെഷൽ കക്കറൊട്ടി, കല്ലുമ്മക്കായ പൊരിച്ചത്, കൽമാസ്, ഉണ്ട പുട്ട്, ഷവർമ പുട്ട്, ഒറാട്ടി, കപ്പ ബിരിയാണി, കപ്പയും മീൻ കറിയും, അച്ചാറുകൾ, പാൽ കേക്ക്, ചട്ടി പത്തിരി, ഇറച്ചി പത്തിരി, മീൻ കൊണ്ടുള്ള ഉണ്ട പൂട്ട്, കട്ലറ്റ്, അട, പഴം പൊരി, കോഴി അട, പത്തിരി അടക്കം എണ്ണിയാലൊതുങ്ങാത്ത അപ്പത്തരങ്ങൾ ഭക്ഷ്യ പ്രേമികരെ ആകർഷിച്ചു.
അവിൽ മിൽക്, ബോംബ് സോഡ, സോഡ സർബത്ത്, നീര് സോഡ, മിൽക് സർബത്ത്, ഫാഷൻ ഫ്രൂട്ട് സോഡ, കുലുക്കി സർബത്ത്, മുഹബ്ബത്ത് സർബത്ത് എന്നിവയും വിവിധ ഇനം ജ്യൂസുകളും വിൽപനക്കെത്തിയിരുന്നു. ഇവക്ക് പുറമെ സലാഡുകൾ, മറ്റ് തലശ്ശേരി ഭക്ഷ്യ വിഭവങ്ങൾ എന്നിവയും ഇളനീർ വിഭവങ്ങളും ഭക്ഷ്യ പ്രേമികൾക്ക് മികച്ച രുചി അനുഭവമായി. ഇളനീർ കൊണ്ടുള്ള പ്രത്യേക ഉൽപന്നങ്ങൾ അടങ്ങുന്ന കൗണ്ടറും ഉണ്ടായിരുന്നു.
ഉള്ളം കൈയിൽ മനോഹരമായ ചിത്രങ്ങൾ കോറിയിടാൻ മെഹന്തി സ്റ്റേഷനിൽ നല്ല തിരക്കായിരുന്നു. രാസവസ്തുക്കളില്ലാത്ത മരത്തിൽനിന്ന് പറിച്ചെടുത്ത മൈലഞ്ചിയാണ് ഉപയോഗിച്ചിരുന്നത്. കയ്യിൽ മൈലാഞ്ചി ഇടാൻ നിരവധിപേർ കാത്തിരിക്കുന്നത് കണാമായിരുന്നു. മുഖത്തിന് ഭംഗി കൂട്ടാൻ ഫെയ്സ് പെയിന്റിങ്ങിലും നല്ല തിരക്ക് അനുഭവപ്പെട്ടു. കുട്ടികളാണ് ഫെയ്സ് പെയിന്റിങ് സ്റ്റേഷനിൽ തിരക്ക് കൂട്ടിയിരുന്നത്. മുഖത്ത് വിവിധതരം വർണ്ണചിത്രങ്ങളുമായി ഓടി കളിക്കുന്ന കുഞ്ഞുകുട്ടികളും കാർണിവൽ മൈതാനത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.