മത്ര: മത്രയിലെ ആദ്യകാല ജ്വല്ലറി വ്യാപാരിയുടെ വിയോഗം മത്രയിലെ മലയാളികളടക്കമുള്ള പ്രവാസികളെ കണ്ണീരിലാഴ്ത്തി. മത്ര സൂഖ് ദര്‍വാസയില്‍ ദീർഘകാലം അല്മുന്തസര് ജ്വല്ലറി നടത്തിപ്പുകാരനായിരുന്ന കോട്ടയം ബേക്കറി ജങ്ങ്ഷന് സ്വദേശി അഹ്മദ് കുഞ്ഞാണ് (65-കുഞ്ഞൂക്ക) കഴിഞ്ഞ ദിവസം നാട്ടില്‍ മരിച്ചത്. 1980കള്‍ തൊട്ടേ ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തെ ഒമാനിലെ ഏതാണ്ടെല്ലാ പ്രദേശത്തുള്ള മലയാളികള്‍ക്കിടയിലും ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ സൂഖിന്റെ പഴയ കാല ചരിത്രത്തിന്റെ ഒരു അധ്യായം തന്നെയാണ് അവസാനിക്കുന്നത്.
മത്ര ഗോള്‍ഡ് സൂഖില്‍ സ്വദേശികളുടെ ഉടമസ്ഥതയിലും അല്ലാതെയും നിരവധി സ്വര്‍ണക്കടകള്‍ ഉണ്ടായിരുന്നുവെങ്കിലും അവിടങ്ങളിലൊക്കെ സ്വദേശി ഡിസൈനുകളിലുള്ള സ്വര്ണാഭരങ്ങള് മാത്രമേ ആദ്യകാലത്ത് ലഭ്യമായിരുന്നുള്ളൂ.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ബ്രാന്റ് ആഭരണ ശാലകള്‍ ഇന്നത്തെ പോലെ അക്കാലത്ത് വ്യാപകവുമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളികള്‍ നാട്ടിലേക്ക് പോകുമ്പോഴും പ്രവാസികളായി കഴിയുന്ന കുടുംബമായി കഴിയുന്നവരുമൊക്കെ കുഞ്ഞൂക്ക നടത്തിയിരുന്ന മുന്തസര് ജ്വല്ലറിയെയായിരുന്നു ആശ്രയിച്ചിരുന്നത്. ഒമാന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ക്കായി കൂടുതലായി മത്രയിലുള്ള കുഞ്ഞൂക്കയുടെ സ്വര്ണക്കടയിലേക്കാണ് എത്താറുള്ളതെന്ന് പഴയകാല പ്രവാസികകൾ ഓർക്കുന്നു. നാട്ടിലേക്കുള്ള ആഭരണങ്ങളും സ്വര്‍ണ കോയിനുകളുമൊക്കെ വാങ്ങാനായി മുന്തസര് ജ്വല്ലറി അക്കാലത്തെ അവസാന വാക്കായിരുന്നുവെന്ന് പറയാവുന്നതരത്തില്‍ കുഞ്ഞൂക്കയുടെ സ്വര്ണക്കടയും കുഞ്ഞൂക്കയും പ്രശസ്തമായിരുന്നു.
സൗമ്യ സ്വഭാവത്തിന്റെ ഉടമയും നല്ലൊരു സുഹൃത്തുമാണ് കുഞ്ഞൂക്കയുടെ മരണത്തോടെ നഷ്ടമായതെന്ന് മത്രയിലെ പഴയ വ്യാപരികളില്‍ ഒരാളായ അസീസ് കുഞ്ഞിപ്പള്ളി അനുസ്മരിച്ചു. കഴിഞ്ഞ ദിവസം വരെ ഫോണ്‍ വിളിച്ച് വിശേഷങ്ങള്‍ അന്വേഷിച്ചിരുന്ന കുഞ്ഞൂക്കയുടെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മത്രയിലെ അദ്ദേഹത്തിന്റെ സുഹൃത്തായ അസീസ് എടക്കാട് പറഞ്ഞു. കുഞ്ഞൂക്കയുടെ മരണത്തില്‍ മത്ര സൂഖ് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: ജമീല: നിസ,നസ്രി,നബീല്‍,നര്മ്മി എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.